ചങ്ങരംകുളം: കൈതോല പായ വിരിച്ച്, പാലോം പാലോം നല്ല നടപ്പാലം തുടങ്ങി മണ്ണിന്റെ മണമുള്ള മനോഹരങ്ങളായ നാടൻ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചു മൺമറഞ്ഞു പോയ കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കൈതോല പുരസ്‌കാരം പ്രഖ്യാപിച്ചു.
ഈ വർഷം മികച്ച ഗാനരചനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത് ബാലൻ ചങ്ങരംകുളമാണ്. ഏതെല്ലാം ഈരടി മാഞ്ഞാലും മായില്ല കൈതോലപ്പായയും പാലോം പാലോം എന്ന ഗാനത്തിന്റെ രചയിതാവാണ്. നാടൻ പാട്ടുകളുടെയും നാടക ഗാനങ്ങളുടെയും രചയിതാവായ അദ്ദേഹം ഒരു മികച്ച നടനും കോസ്ററ്യുമറും കൂടിയാണ്.
മികച്ച സംഗീതത്തിനുള്ള പുരസ്കാരം നിരവധി ഗാനങ്ങൾക്ക് ഹൃദയഹാരിയായ ഈണം പകർന്നിട്ടുള്ള കെ ജെ ശ്രീരാജ് തളിക്കുളം നേടി.
ചലച്ചിത്ര നടൻ വിനോദ് കോവൂർ മികച്ച ആലാപനത്തിന് പുരസ്കാരം കരസ്ഥമാക്കി. ജനഹൃദയങ്ങളിൽ അലയടിക്കുന്ന ആലാപനവും നർമ്മബോധവും മികച്ച അഭിനയ ചാതുര്യവും കൊണ്ട് ശ്രദ്ധേയനായ വിനോദ് കോവൂർ എം80 മൂസ്സ, മറിമായം എന്നീ ജനപ്രിയ പരമ്പരകളിലെ മുഖ്യ സാന്നിദ്ധ്യമാണ്.