നാദാപുരം: ഒരു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കാറിലെത്തിയ സംഘം നാദാപുരം തൂണേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരിയെ മോചിപ്പിച്ചു. തൂണേരി മുടവന്തേരി സ്വദേശി മേക്കരതാഴെകുനി എം.ടി.കെ. അഹമ്മദിനെയാണ് (53) വൈകീട്ട് എട്ടുമണിയോടെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ സംഘം വാടക്കക്കെടുത്ത കാറില്‍ തൂണേരിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
വീടിനുസമീപത്തെ എണവള്ളൂര്‍ പള്ളിയില്‍ നമസ്കാരത്തിനായി പോകവെ സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെളുത്ത കാറിലെത്തിയ സംഘം ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു.
അഹമ്മദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ധരിച്ചിരുന്ന തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്. തുടര്‍ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്.
പണം തന്നാല്‍ അഹമ്മദിനെ വിട്ടയക്കാമെന്ന് ഖത്തറിലുള്ള സഹോദരന് കഴിഞ്ഞ ദിവസം ചിലര്‍ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നാദാപുരം പൊലീസ് സ്റ്റേഷന് മുമ്ബില്‍ റോഡ് ഉപരോധിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ കാണാതായ പരാതിയില്‍ കേസെടുത്ത പൊലീസ് പിന്നീടാണ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ഖത്തറിലും ദുബൈയിലും വ്യാപാരിയാണ് എം.ടി.കെ. അഹമ്മദ്. വിദേശത്തെ വ്യാപാര തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.