നോവുണക്കാൻ മജിസ്‌ട്രേറ്റ് എത്തി; ആയിഷുമ്മയുടെ മനംനിറച്ചു മടങ്ങി

എടക്കര – മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കോവിഡ് സ്‌ക്വാഡിന്റെ താക്കീതിന് ഇരയായ മൂത്തേടത്തെ വയോധികയ്ക്ക് സെക്ടറൽ മജിസ്ട്രേറ്റിന്റെ വക സ്നേഹ സമ്മാനം. മൂത്തേടം പഞ്ചായത്ത് കോവിഡ് സ്‌ക്വാഡ് ഡ്യൂട്ടിയിൽ പുതുതായി ചുമതലയേറ്റ സെക്ടറൽ മജിസ്ട്രേറ്റ് കെ. മുഹമ്മദ് റസാഖ് ആണ് സമ്മാനങ്ങളുമായി കാരപ്പുറം ചോളമുണ്ട അത്തിമണ്ണിൽ ആയിഷുമ്മയുടെ വീട്ടിലത്തെിയത്.

കഴിഞ്ഞ ആഴ്ച കോവിഡ് സ്‌ക്വാഡിന്റെ പരിശോധനക്കിടെ മാസ്‌ക് ധരിക്കാത്തതിന് 85-കാരിയായ ആയിഷുമ്മയെ സെക്ടറൽ മജിസ്ട്രേറ്റ് ശകാരിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ഈ ദൃശ്യങ്ങൾ സ്‌ക്വാഡിന്റെ വാഹന ഡ്രൈവർ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ആയിഷുമ്മക്കും കുടുംബത്തിനും മാനസിക വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തു. ഇതിനു പ്രായശ്ചിത്തമായാണ് പുതുതായി
ചുമതലയേറ്റ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ. മുഹമ്മദ് റസാഖ് ആയിഷുമ്മക്കരികിൽ ആശ്വാസ വാക്കുകളും സമ്മാനങ്ങളുമായെത്തിയത്. ആയിഷുമ്മയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന മുഹമ്മദ് റസാഖിന്റെ അഭ്യർഥന ആയിഷുമ്മയും ബന്ധുക്കളും സ്നേഹത്തോടെ സ്വീകരിച്ചു. തുടർന്നാണ് ഇദ്ദേഹം ഇവരുടെ വീട്ടിലെത്തിയത്. സാനിറ്റൈസർ പകർന്നു നൽകി വീട്ടിലെത്തിയ അഥിതികളെ ആയിഷുമ്മ സ്വീകരിച്ചു.
ആയിഷുമ്മക്കായി വാങ്ങിയ സ്നേഹ സമ്മാനങ്ങൾ മജിസ്ട്രേറ്റ് കൈമാറി. മാസ്‌ക്, സാനിറ്റൈസർ, പഴവർഗങ്ങൾ, ബൂസ്റ്റ്, ബിസ്‌കറ്റ്, മിഠായി തുടങ്ങി മനംനിറയെ സമ്മാനങ്ങൾ. കൂടിക്കാഴ്ചയുടെ ഓർമക്കായി മജിസ്ട്രേറ്റ് സമ്മാനിച്ച മാവിൻ തൈ ആയിഷുമ്മ വീട്ടുമുറ്റത്ത് നടുകയും ചെയ്തു. കോവിഡ് ബോധവത്കരണ സ്റ്റിക്കർ പതിച്ചു സ്റ്റിക്കർ കാമ്പയിനിന്റെ തുടക്കം കുറിച്ച് ആയിഷുമ്മയും നിറഞ്ഞ മനസോടെ അതിൽ പങ്കാളിയായി.
പ്രതിരോധ പ്രവർത്തനങ്ങളോടും പ്രവർത്തകരോടും, സമൂഹത്തിനുണ്ടായ തെറ്റിദ്ധാരണ അൽപമെങ്കിലും മാറ്റാൻ പറ്റിയെന്ന ആശ്വാസത്തോടെ മടങ്ങാൻ മജിസ്ട്രേറ്റിനും തെറ്റിദ്ധാരണ മാറിയതിന്റെ ആശ്വാസം ആയിഷുമ്മയിലും പ്രകടമായിരുന്നു. സെക്ടറൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനൊപ്പം സെക്ടറൽ അസിസ്റ്റന്റ് ധന്യ, മൂത്തേടം ഗ്രാമപഞ്ചായത്ത് കോവിഡ് സെൽ കോ-ഓർഡിനേറ്റർ ഗഫൂർ കല്ലറ എന്നിവരും പങ്കെടുത്തു.

spot_img

Related Articles

Latest news