മെക് സെവൻ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി കാന്തപുരം വിഭാഗം. മെക് സെവനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് എസ്വൈഎസ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹക്കിം അസ്ഹരി പറഞ്ഞു.വിഷയത്തില്‍ പ്രത്യേക നിലപാട് പറഞ്ഞിട്ടില്ല. ഹെല്‍ത്ത് ക്ലബ്ബിനെ കുറിച്ച് പഠിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. തന്റെ പ്രസംഗം ഏതെങ്കിലും ക്ലബ്ബിനെ ഉദ്ദേശിച്ചല്ലെന്നും സ്ത്രീകളുടെ വീഡിയോ പുറത്ത് വിടുന്നതിനെതിരെയാണ് വിമർശനം ഉന്നയിച്ചതെന്നും അബ്ദുല്‍ ഹക്കിം അസ്ഹരി വ്യക്തമാക്കി.
പ്രസംഗം ഏതെങ്കിലും ക്ലബ്ബിനെ ഉദ്ദേശിച്ചല്ലെന്നാണ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വാദം. സുന്നി ആശയങ്ങളില്പെട്ടവരെ അടർത്തി എടുക്കാനുള്ള ശ്രമം ശ്രദ്ധിക്കണമെന്നാണ് പറഞ്ഞത്. മെക് സെവനെക്കുറിച്ച് പഠിച്ച ശേഷം മാത്രമേ പ്രതികരിക്കാൻ ആകുള്ളൂയെന്നും ഇതുവരെ മെക് സെവൻ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടില്ലെന്നും എസ്വൈഎസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.മെക് സെവനെതിരെ വിമർശനവുമായി എസ്വൈഎസ് നേരത്തെ രംഗത്തെത്തിയിരുന്നു. മെക് സെവൻ്റെ പ്രവർത്തനങ്ങള്‍ സംശയാസ്പദമെന്നാണ് എസ്വൈഎസ് കോഴിക്കോട് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂർ പറഞ്ഞിരുന്നത്. മെക് സെവൻ വ്യായാമ മുറകള്‍ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ മാത്രം നടത്തേണ്ടതല്ല, ആരോഗ്യ സംരക്ഷണം മുസ്ലിങ്ങള്‍ക്ക് മാത്രം മതിയോ, മെക് സെവൻ മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള പദ്ധതിയാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെന്നായിരുന്നു മുഹമ്മദലി കിനാലൂരിൻ്റെ ചോദ്യങ്ങള്‍.
മെക് -7 കൂട്ടായ്മ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചൂടുള്ള ചർച്ചാവിഷയമാണ്. സിപിഎമ്മും, കാന്തപുരം സുന്നി വിഭാഗവും മെക്- 7ന് എൻഡിഎഫ്- പിഎഫ്ഐ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലും നിരവധി പേരാണ് മെക്- 7 പരിശീലനത്തിന് കോഴിക്കോട് ബീച്ചിലേക്ക് എത്തുന്നത്. ആരോഗ്യ സംരക്ഷണത്തിന് 21 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. ഇന്ത്യൻ പാരാമിലിറ്ററി സർവീസില്‍ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് -7 അഥവാ മള്‍ട്ടി എക്സർസൈസ് കോമ്പിനേഷൻ.
2012ല്‍ തുടങ്ങിയ മെക് സെവൻ 2022 ഓടെ ആയിരത്തോളം യൂണിറ്റുകളായി വളർന്നു. ഒരു വ്യായാമ പദ്ധതിയെന്ന നിലയില്‍ വലിയ സ്വീകാര്യത കിട്ടി. ഇതിനെ തുടർന്നാണ് ആരോപണങ്ങള്‍ ഉയർന്നുവന്നത്. എന്നാല്‍ വെറും വ്യായാമ സംഘമെന്ന് മെക് സെവൻ ഭാരവാഹികള്‍ തന്നെ അറിയിച്ചു. മെക് സെവന് വ്യായാമ സംഘത്തിന് നേരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. വ്യായാമ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ. സജീവൻ ആവശ്യപ്പെട്ടിരുന്നു.