പി.എസ്.സി.യുടെ എൽ.ജി.എസ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്ന് ഹൈക്കോടതി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണ (കെ.എ.ടി) ലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഈ ഉത്തരവ് നിയമപരമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പിഎസ്സിയുടെ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ ജില്ലകളിലേയും വകുപ്പ് മേധാവികൾ എല്ലാ എൽ ജി എസിന്റെ വകുപ്പുകളിലേയും ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്നും ഓരോ ഓഫീസുകളുടേയും ആസ്ഥാനങ്ങളായുള്ള ഡയറക്ടേറേറ്റുകളിലെ ഒഴിവുകൾ പി എസ് സി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിലെ നിയമപരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഉത്തരവ് റദ്ദാക്കിയത്. ഓരോ ജില്ലകളിൽ നിന്നുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ തുടർ ഹർജികൾ പരിഗണിക്കാനും ട്രിബ്യൂണലിന് നിർദേശം നൽകിയിട്ടുണ്ട്.
ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽ.ജി.എസ്.) റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിനൽകണമെന്ന സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പി.എസ്.സി.യുടെ ആവശ്യം. കാലാവധി നീട്ടുന്നത് പുതിയ ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാക്കുമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് നാലിന് റദ്ദാകുന്ന എൽ.ജി.എസ്. റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ 29 വരെ നീട്ടണമെന്നായിരുന്നു കെ.എ.ടി. ഉത്തരവ്.
കെ.എ.ടി. വിധി നിയമപ്രകാരമല്ലെന്ന് പി.എസ്.സി. യോഗം വിലയിരുത്തിയിരുന്നു. മേൽക്കോടതി വിധികളുടെ ലംഘനമാണിതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു റാങ്ക്പട്ടികയുടെ മാത്രം കാലാവധി നീട്ടുന്നത് അംഗീകരിക്കാനാകില്ലെന്നും പി എസ് സി നേരത്തെ അറിയിച്ചിരുന്നു.