മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ മിര്‍സയുടേയും ചിത്രം.ഈ ചിത്രത്തിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ നിര്‍മിത ബുദ്ധി (എഐ സാങ്കേതിക വിദ്യ)യുടെ സഹായത്തില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് ഇരുവരുടേതും എന്ന പേരില്‍ പ്രചരിക്കുന്നത്. ഷമിയും സാനിയയും ദുബായില്‍ അവധിക്കാലം ആഘോഷിക്കുകയാണ് എന്ന തരത്തിലാണ് ചിത്രങ്ങള്‍ വൈറലായത്.
ദുബായില്‍ മകനൊപ്പം സ്ഥിര താമസമാക്കിയ സാനിയ സ്വകാര്യ പരിപാടിക്കു വേണ്ടി ഇന്ത്യയിലെത്തിയതിനു പിന്നാലെ ആണ് ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഷമിയും സാനിയയും വിവാഹിതരാകുമെന്നു നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.ഇതിനെതിരെ ഷമി തന്നെ രംഗത്തെത്തിയിരുന്നു. അതൊരു ഗോസിപ്പ് വാര്‍ത്ത മാത്രമാണെന്നായിരുന്നു അന്ന് ഷമി പറഞ്ഞത്.
അബുദാബിയില്‍ വേള്‍ഡ് ടെന്നീസ് ലീഗിന്റെ ബ്രോഡ്കാസ്റ്റിങ് തിരക്കുകളിലാണ് സാനിയ. ഷമി ലോക കപ്പിനു ശേഷം ദീര്‍ഘ നാളായി ഇന്ത്യന്‍ ടീമിനു പുറത്താണ്. താരം ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനു വേണ്ടി കളിക്കുന്നു.
ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഹമ്മദ് ഷമി തന്നെ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇവ മറ്റുള്ളവർക്ക് രസകരവും തമാശയുമായി തോന്നുമെങ്കിലും വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയാണ് ബാധിക്കുന്നതെന്ന് താരം പറഞ്ഞു. വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഷമി മുന്നറിയിപ്പ് നല്‍കി.