ഡൊഡോമ : ടാന്‍സാനിയയില്‍ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകര്‍ന്ന് വീണ് 19 പേര് കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്.
43 പേര് വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ 24 പേരെ രക്ഷപെടുത്തി. പ്രിസിഷന്‍ എയറിന്റെ എ.ടി.ആര് – 42 വിമാനമാണ് തകര്‍ന്നത്. രണ്ട് പൈലറ്റുമാര്‍ രക്ഷപ്പെട്ടതായാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും പിന്നീട് ഇവര്‍ മരിച്ചിരിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.50ഓടെയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്നു. ഡാസ് എസ് സലാമില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ഈ വിമാനം.
തകര്‍ന്ന് വീണ വിമാനം പൂര്‍ണമായും തടാകത്തില്‍ മുങ്ങിയിരുന്നു. വിമാനത്തിന്റെ വാല് ഭാഗം മാത്രമാണ് ഉയര്‍ന്ന് കാണപ്പെട്ടത്. അപകട സ്ഥലം സന്ദര്‍ശിച്ച ടാന്‍സാനിയന്‍ പ്രധാനമന്ത്രി കാസിം മജാലിവ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരെ തിരിച്ചറിഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.