കൊൽക്കത്ത: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെവിയിൽ തൊപ്പിവെച്ച ഒരു മുസ്ലിം ചെറുപ്പക്കാരൻ സ്വകാര്യം പറയുന്ന ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മുസ്ലിം ന്യൂനപക്ഷം ബംഗാളിൽ ബി.ജെ.പിക്കൊപ്പമെന്ന് സ്ഥാപിക്കാൻ സംഘപരിവാർ കേന്ദ്രങ്ങൾ ഈ പടത്തിന് ഏറെ പ്രചാരം നൽകുകയും ചെയ്യുന്നുണ്ട്. ആ ഫോേട്ടായിൽ മോദിയോട് സംസാരിക്കുന്നയാൾ ആരാണെന്നും അയാൾ എന്താണ് പറഞ്ഞതെന്നും ആളുകൾ ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യുന്നു.
മുൻകൂട്ടി പദ്ധതിയിട്ട രീതിയിൽ പകർത്തിയ ഫോട്ടോ ആണ് അതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കൃത്രിമം നടത്തി സൃഷ്ടിച്ച ഫോട്ടോയാണോ എന്ന് സംശയിച്ചവരുമേറെ. ഇതിനിടയിൽ ‘ഞാനാണയാൾ’ എന്ന് വ്യക്തമാക്കി ‘കഥാനായകൻ’ പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു. പേര് സുൽഫിക്കർ അലി. വർഷങ്ങളായി ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ സൗത്ത് കൊൽക്കത്ത ജില്ല പ്രസിഡന്റാണ്.