ഈ വർഷത്തെ ഹജ്ജിന്റെ നിരക്ക് നിശ്ചയിച്ചു, കൂടിയ തുക 16560 റിയാൽ 

ജിദ്ദ  – ഈ വർഷത്തെ ഹജിനുള്ള നിരക്കിൽ ധാരണയായതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു കാറ്റഗറികളിലായാണ് നിരക്ക് നിശ്ചയിച്ചത്. ആദ്യകാറ്റഗറിയിൽ 12,113 റിയാലാണ് ഈടാക്കുക. രണ്ടാം കാറ്റഗറിക്ക് 14,381 റിയാൽ. മൂന്നാം കാറ്റഗറിയിൽ 16560 റിയാലും ഇടാക്കും. നികുതി ഉൾപ്പെടാതെയാണ് ഈ നിരക്ക്. ഈ വർഷം സൗദിയിൽനിന്നുള്ള 60,000 പേർക്ക് മാത്രമാണ് ഹജിന് അവസരം. ഇതിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി.

 

 

 

രജിസ്‌ട്രേഷൻ പ്രക്രിയയിൽ വലിയ സമ്മർദം അനുഭവപ്പെടാതെ നോക്കുന്നതിന് ഇ-ട്രാക്കിൽ രണ്ടു ഘട്ടങ്ങളായാണ് രജിസ്‌ട്രേഷന് അവസരമൊരുക്കുക. രജിസ്‌ട്രേഷൻ സംവിധാനങ്ങൾ ഹജ്, ഉംറ പോർട്ടൽ പരസ്യപ്പെടുത്തും. ഇതിലൂടെ വ്യവസ്ഥകൾ മനസ്സിലാക്കാൻ കഴിയും. ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ ദുൽഖഅ്ദ 13 ന് ബുധനാഴ്ച രാത്രി പത്തു മണി വരെ പ്രാഥമിക രജിസ്‌ട്രേഷന് അവസരമുണ്ടാകും. നേരത്തെ രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണനയുണ്ടാകില്ല. ആദ്യ ഘട്ടത്തിൽ പ്രാഥമിക രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർ ദുൽഖഅ്ദ 15 ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ ആഭ്യന്തര ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്ക് ചെയ്ത് പാക്കേജുകൾ വാങ്ങി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിണ്ടിവരും. രജിസ്‌ട്രേഷൻ സംവിധാനങ്ങളും തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും തീർത്തും സുതാര്യമായിരിക്കും. ഇക്കാര്യത്തിൽ സൗദി, വിദേശി വ്യത്യാസമുണ്ടാകില്ല.

മുമ്പ് ഹജ് നിർവഹിക്കാത്തവർക്ക് ഇത്തവണ മുൻഗണന നൽകും. മറ്റുള്ളവർ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഹജ് നിർവഹിച്ചവരാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടാകും. ഹജ് സംഘാടനം മൂലമുള്ള സാമ്പത്തിക നേട്ടത്തെക്കാൾ ഉപരി തീർഥാടകരുടെ സുരക്ഷയാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.

ഒരു ഡോസ് വാക്‌സിൻ എങ്കിലും സ്വീകരിക്കൽ ഈ വർഷത്തെ ഹജിനുള്ള അടിസ്ഥാന വ്യവസ്ഥയാണെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നതിൽ സൗദി അറേബ്യക്ക് വിപുലമായ അനുഭവസമ്പത്തുണ്ട്. ഹജ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ സൗദി അറേബ്യ സസൂക്ഷ്മം നിരീക്ഷിക്കും. ഹജിന് രജിസ്റ്റർ ചെയ്യുന്നവർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യം ഇലക്‌ട്രോണിക് രീതിയിലാണ് ഉറപ്പുവരുത്തുക. കൃത്രിമങ്ങൾ തടയുന്നതിന് ഹജുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും ഇലക്‌ട്രോണിക് സംവിധാനത്തിലായിരിക്കും. തീർഥാടകരുടെ ശരീര ഊഷ്മാവ് പരിശോധിച്ചും നിരന്തര പരിശോധനകളിലൂടെ ലക്ഷണങ്ങൾ നിരീക്ഷിച്ചും ഹാജിമാരുടെ സുരക്ഷ കൃത്യമായി നിരീക്ഷിക്കും. മുഴുവൻ ഹജ് തീർഥാടകർക്കും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും വാക്‌സിൻ നൽകാൻ ആഗ്രഹിക്കുന്നു. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ മക്കയിലെ ആശുപത്രികൾ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

 

 

 

.

spot_img

Related Articles

Latest news