തിരുവനന്തപുരം: തൃശൂർ പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്.ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ദേവസ്വത്തിലെ ചിലർ തല്പരകക്ഷികളുമായി ഗൂഢാലോചന നടത്തിയെന്നും പൂരനാളില്‍ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടില്‍ പറയുന്നു.
പൂരം കലക്കല്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സെപ്റ്റംബറില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങള്‍ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളില്‍ അടക്കം ദേവസ്വം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു.
നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അനുവദിക്കാതിരുന്നാല്‍ പൂരം അട്ടിമറിക്കണമെന്ന തീരുമാനം ദേവസ്വം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം,ഗൂഢാലോചന നടത്തിയ തത്പരകക്ഷികള്‍ ആരാണെന്നോ ഏത് രാഷ്ട്രിയ പാർട്ടിയാണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചതെന്നോ റിപ്പോർട്ടില്‍ പറയുന്നില്ല. എന്നാല്‍, മൊഴി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്, ആർ.എസ്.എസിന്റെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകള്‍ പരാമർശിക്കുന്നുണ്ട്.