മുക്കം: കോഴിക്കോട് ജില്ലയിലെ കാരശ്ശേരി വലിയപറമ്പില്‍ പോലീസിനെ വെട്ടിപരിക്കേല്‍പിച്ച കേസില്‍ സാക്ഷി പറഞ്ഞതിന് പ്രതിയുടെ സുഹൃത്തുക്കള്‍ ഹോട്ടല്‍ അടിച്ചു തകർത്തു.വലിയപറമ്പ് സ്വദേശി സുബൈറിൻ്റെ ജേഷ്ട്ടന്റെ ഉടമസ്ഥയിലുള്ള ഹോട്ടലാണ് തകർത്തത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കാർ മോഷണ കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ കല്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ പ്രതികള്‍ നേരത്തെ ആക്രമിച്ചിരുന്നു. പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ റിമാൻഡിലാണ്. കേസില്‍ റിമാൻഡില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ, സുബൈർ സാക്ഷി പറഞ്ഞതാണ് പ്രകോപന കാരണം. ആക്രമണം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തെത്തുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് വന്നു പോയതിനു ശേഷം സാദിഖ് വീണ്ടും ഭീഷണിയുമായി എത്തി അക്രമണം നടത്തുകയായിരുന്നു. സാദിഖ് നിരവധി കേസില്‍ പ്രതിയാണെന്നും തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സുബൈർ പറഞ്ഞു. സാദിഖിനെതിരെ സുബൈർ മുക്കം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.