മകന്റെ തീരുമാനം തെറ്റ്; അനിലുമായി ഒരു ചര്‍ച്ചയ്ക്കുമില്ല; മരണം വരെ കോണ്‍ഗ്രസുകാരന്‍; വികാരാധീനനായി എകെ ആന്റണി

തിരുവനന്തപുരം: ബിജെപിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് വളരെ വേദനയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.മകന്റെ തീരുമാനം തികച്ചും തെറ്റായിപ്പോയെന്നും കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.

ഇന്ത്യാ രാജ്യത്തിന്റെ ഐക്യം ബഹുസ്വരതയും മതേതരത്വവുമാണ്. 2014 മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസുത്രിതമായി നമ്മുടെ അടിസ്ഥാന നയങ്ങളെ ദുര്‍ബലപ്പെടുത്താനുളള തുടര്‍ച്ചയായ ശ്രമം നടക്കുകയാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വളരെ പതുക്കെയായിരുന്നു കാര്യങ്ങള്‍ ചെയ്തത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ വേഗത്തിലാക്കി. രാജ്യത്തിന്റെ ഐക്യം ശിഥിലമാക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് ആപല്‍ക്കരമാണെന്ന് ആന്റണി പറഞ്ഞു.

താന്‍ അവസാനശ്വസം വരെ ബിജെപിയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തും. സ്വാതന്ത്ര്യസമരം കാലം മുതല്‍ ജാതിയോ മതമോ, വര്‍ഗമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യാക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം. തന്റെ കൂറ് എല്ലാ കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും. എനിക്ക് വയസായി 82 ആയി. എത്ര നാള്‍ ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താത്പര്യമില്ല. മരണം വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. അനിലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി മറ്റൊന്നും തനിക്ക് പറയാനില്ലെന്നും ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്ന് ആന്റണി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ആസ്ഥാനത്തെത്തി, കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അനിലിനൊപ്പമുണ്ടായിരുന്നു.

spot_img

Related Articles

Latest news