അമൃത്സര്‍: ട്വന്റി 20 ലോകകപ്പിലെ പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ പഞ്ചാബിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.
ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ഒരു വശത്തും ബിഹാര്‍- യുപി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ മറുവശത്തും നിന്ന് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. മതവിദ്വേഷം പരത്തുന്ന പരാമര്‍ശത്തിന്റെ പേരിലായിരുന്നു സംഘര്‍ഷം.
മോഗയിലെ ലാല ലജ്പത് റായ് കോളേജ് ഹോസ്റ്റലിലായിരുന്നു സംഭവം. സംഭവത്തില്‍ കശ്മീര്‍ സ്വദേശികളായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇവരെ വിട്ടയക്കാന്‍ നടപടികള്‍ തുടരുകയാണെന്നും അസോസിയേഷന്‍ അറിയിച്ചു.
2021 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ ജയം നേടിയപ്പോഴും പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലെ കോളേജില്‍ സംഘര്‍ഷമുണ്ടായിരുന്നു. പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കശ്മീര്‍ സ്വദേശികളും ബിഹാര്‍- യുപി സ്വദേശികളായ വിദ്യാര്‍ത്ഥികളും തമ്മില്‍ അന്നും സംഘര്‍ഷമുണ്ടായിരുന്നു.