താമരശ്ശേരി :ഈ വർഷം ജൂൺ മാസത്തിൽ കോഴിക്കോട് നരിക്കുനി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ടുകൾ കൈമാറ്റം ചെയ്ത കേസിലെ മുഖ്യ പ്രതിയായ അധ്യാപകൻ താമരശ്ശേരി ഇങ്ങാപ്പുഴ മോളോത്ത് വീട്ടിൽ ഹിഷാം (36) നെ കോഴിക്കോട് റൂറൽ എസ് പി . പി.നിധിൻ രാജ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടി കൂടി .വയനാട് ലോകസഭ ഇലക്ഷനോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിശോധന ക്കിടയിലാണ് ഇന്ന് കാലത്ത് പ്രതിയുടെ വീട്ടിൽ നിന്നും പതിനേഴ് ലക്ഷത്തി മുപ്പത്തി എട്ടായിരംരൂപയുടെ കള്ളനോട്ടു കണ്ടെടുത്തത്. നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് കൈമാറുന്നതിനായി ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗ സംഘം കള്ളനോട്ടുകൾ നൽകിയതിന് കൊടുവള്ളി പോലീസ് കേസ്സെടുതിരുന്നു.സംഭവത്തിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ നാലോളം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യ പ്രതിയായ ഹിഷാം ഉൾപ്പെടെ യുള്ള അഞ്ചുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിലും, ഹൊസൂരിലും ഹിഷാം ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് പ്രിന്ററുകളും സ്കാനറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും മറ്റു സാമഗ്രികളും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ കള്ള നോട്ടുകളാണ് നിർമ്മിച്ചത്. സ്കൂൾ അധ്യാപകനായ ഇയാൾ പെരുമാറ്റ ദൂഷ്യത്തിന് സസ്പെൻഷനിൽ ആയിരിക്കുമ്പോഴാണ് കള്ളനോട്ട് കേസിലെ പ്രതിയാവുന്നത്. നരിക്കുനിയിലെ കള്ളനോട്ട് കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് .പിടിയിലായ ഹിഷാം 80 ദിവസത്തോളം റിമാണ്ടിലായിരുന്നു.കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും കള്ളനോട്ട് വിതരണത്തിൽ സജീവമാവുക ആയിരുന്നു.
താമരശ്ശേരി ഡിവൈഎസ്പി . എ.പി ചന്ദ്രൻ്റെ നിർദേശ പ്രകാരം താമരശ്ശേരി ഇൻസ്പെക്ടർ ഷീജു.സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ് ബാബു ,ബിജു പൂക്കോട്ട് , എ.എസ്.ഐ മുനീർ ഇ.കെ, എസ്.സി.പി.ഒ മാരായ ഷാഫി എൻ. എം., ജയരാജൻ പനങ്ങാട്. ജിനിഷ് ബാലുശ്ശേരി ,താമരശ്ശേരി എസ് ഐ മാരായ ബിജു ആർ. സി,അബ്ദുൽ റഷീദ് .എൻ കെ,,എ.എസ് ഐ ഷൈനി.P സി.പി.ഒ ജിതിൻ, സൈബർ സെൽ അംഗങ്ങളായ അമൃത. ജി, ഷരേഷ്. എം കെ, ബിജേഷ്.വി വി എന്നിവരടങ്ങിയ സംഘമാണ് ണ് കള്ളനോട്ട് പിടികൂടിയത്.