ന്യൂദൽഹി: കോവിഡ് രണ്ടാം തരംഗം പോല തന്നെ ഗുരുതരമായിരിക്കും മൂന്നാതരംഗമെന്ന് എസ്ബിഐ പഠനറിപ്പോർട്ട്. ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുകയും ചെയ്താൽ വ്യാപനം ഗണ്യമായി കുറയ്ക്കാനാവുമെന്നും 98ദിവസം വരെ ഇതു തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാന രാജ്യങ്ങളിലെല്ലാം 98 ദിവസമാണ് മൂന്നാം തരംഗമുണ്ടായത്. രണ്ടാം തരംഗമാകട്ടെ 108 ദിവസവും. രണ്ടാം തരംഗത്തിൽനിന്ന് 1.8 മടങ്ങ് അധികമായിരുന്നു മൂന്നാം തരംഗം. രണ്ടാം തരംഗമാകട്ടെ ആദ്യത്തേതിൽനിന്ന് 5.2 മടങ്ങ് അധികവും. ഇന്ത്യയിൽ ഇത് 4.2 ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗത്തെ നേരിടാൻ രാജ്യം തയാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ പ്രതിദിന കേസുകൾ 4.14 ലക്ഷം വരെ ഉയർന്നിരുന്നു.
രാജ്യത്ത് ഇപ്പോൾ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. മേയിൽ ഇന്ത്യയിൽ 90.3 ലക്ഷം കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഒരു രാജ്യത്ത് ഒരു മാസത്തിൽ ഉണ്ടാകുന്ന രോഗികളിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഏപ്രിലിൽ രാജ്യത്ത് 69.4 ലക്ഷം രോഗികളാണു പുതുതായുണ്ടായത്. ഇതിലും 30 ശതമാനം വർധനയാണ് മേയിലുണ്ടായത്. മേയ് മാസത്തിൽ മാത്രം 1.2 ലക്ഷം കോവിഡ് മരണങ്ങളും രാജ്യത്തു റിപ്പോർട്ട് ചെയ്തു. മൂന്നാം തരംഗത്തിൽ ഗുരുതര രോഗികളുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയായാൽ മരണം 40,000 ലേക്ക് കുറയ്ക്കാമെന്നാണു റിപ്പോർട്ട് പറയുന്നത്.
നിലവിൽ രാജ്യത്ത് 12.3 ശതമാനം പേർ മാത്രമാണ് ഒന്നാം ഡോസ് വാക്സീനെങ്കിലും എടുത്തിട്ടുള്ളത്. 3.27 ശതമാനം പേർ രണ്ടാം ഡോസും എടുത്തുകഴിഞ്ഞു. ജൂലൈ പകുതിയോടെ പ്രതിദിനം വാക്സിനേഷനുകളുടെ എണ്ണം ഒരു കോടിയാക്കി ഉയർത്താനാണു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.