കണ്ണൂർ : കേളകം പഞ്ചായത്തിലെ അടക്കാത്തോട് രാമച്ചിയിൽ പട്ടാപ്പകൽ കടുവ പോത്തിനെ കടിച്ചു കൊന്നു. പ്രദേശത്തെ കർഷകനായ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ പോത്തിനെയാണ് തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ കടുവ കടിച്ചു കൊന്നത്. രണ്ട് വയസ്സോളം പ്രായമായ പോത്തിനെ മേയാൻ വിട്ട സ്ഥലത്തുനിന്നും ഒരു കിലോമീറ്ററോളം ഓടിച്ചശേഷം പിടികൂടി കടിച്ചു കൊല്ലുകയായിരുന്നു. പോത്തിന് പിന്നാലെ കടുവ ഓടുന്നത് കണ്ട നാട്ടുകാർ ബഹളം വെച്ച് പിറകേ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് കടുവ രക്ഷപ്പെട്ടു. കഴുത്തിൽ കടിയേറ്റ പോത്ത് മരണത്തിന് കീഴടങ്ങി.
മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ആർ. മഹേഷ്, ബീറ്റ് ഓഫീസർ പി.വി. സജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ് തുടങ്ങിയവർ സ്ഥലത്തെത്തി. ആറളം വനത്തിൽ നിന്നും എത്തിയതാവാം കടുവ എന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. പോത്തിന്റെ ജഡം മറവു ചെയ്യാതെ ഇതിനടുത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കടുവയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇട്ടിയവിരയുടെ പോത്ത് , ആട് , വളർത്തുനായകൾ, പശുക്കൾ എന്നിവ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ സമയങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നടത്തിയതിയ നിരീക്ഷണത്തിൽ കടുവയുടെ സാനിദ്ധ്യം ഉണ്ടെന്നു കണ്ടെത്തിയിരുന്നു. രാമച്ചി കോളനി നിവാസികൾ അടക്കം സഞ്ചരിക്കുന്ന റോഡിന്റെ ഭാഗത്താണ് കടുവ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നതിനാൽ കോളനിവാസികളും പ്രദേശവാസികളും ഏറെ ഭീതിയിലാണ്.
Mediawings: