തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കിയാല്‍ കർശന നടപടിയെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു. വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് ഗതാഗത കമ്മിഷണർ വ്യക്തമാക്കുന്നത്. അതേസമയം, വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കാമെന്നും, ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളർകോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാർഥികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്ന സംഭവങ്ങളില്‍ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നത്. അപകടത്തില്‍പെട്ട വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്നത് വാടകക്കെടുത്ത വാഹനത്തിലായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിക്കുന്നതെന്നും ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി.
സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടർ വാഹന നിയമപ്രകാരം ശിക്ഷാർഹമാണ്. സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷൻ, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ വകുപ്പ് സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങള്‍ റെന്റ് എ കാർ എന്ന നിലയ്ക്കു വാടകയ്ക്കു നല്‍കാൻ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മോട്ടർ വാഹന നിയമപ്രകാരം ‘റെന്റ് എ കാബ്’ എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാൻ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാൻ ലൈസൻസിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 50ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം.
മോട്ടർ ബൈക്ക് വാടകയ്ക്കു നല്‍കുന്നതിനായി ‘റെന്റ് എ മോട്ടർ സൈക്കിള്‍’ എന്ന സ്‌കീം പ്രകാരമുള്ള ലൈസൻസും നിയമപ്രകാരം നേടാവുന്നതാണ്. ഈ ലൈസൻസിന് അപേക്ഷിക്കാൻ ചുരുങ്ങിയത് അഞ്ച് മോട്ടർ ബൈക്കുകള്‍ ട്രാൻസ്‌പോർട്ട് വാഹനമായി റജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനത്തില്‍ കറുപ്പില്‍ മഞ്ഞ നിറത്തിലാണ് റജിസ്‌ട്രേഷൻ നമ്പർ എഴുതേണ്ടത്. റെന്റ് എ ക്യാമ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഇലക്‌ട്രിക്ക് വാഹനങ്ങളുടെ റജിസ്‌ട്രേഷൻ നമ്ബർ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രേഖപ്പെടുത്തണം.
ഇത്തരം നിയമപരമായ സംവിധാനങ്ങളില്‍ കൂടി അനുവദനീയമായ തരത്തില്‍ വാടകയ്ക്കു നല്‍കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവർ ചെയ്തിട്ടുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തില്‍ പരിശോധിച്ച് ഉറപ്പാക്കിയ വാഹനങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കു വാടകയ്ക്കു നല്‍കാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്നും മോട്ടർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കള്ളടാക്‌സി വിഷയത്തില്‍ ശക്തമായി നടപടിയെടുക്കുമെന്നു ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറും മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ആർസി ഉടമയുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മിഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നു ഗണേഷ് കുമാർ വ്യക്തമാക്കി.