തിയറ്ററുകളില്‍ ആളുകള്‍ ഭക്ഷണവും പാനീയങ്ങളും കൊണ്ടു വരുന്നത് തിയറ്റര്‍ ഉടമകള്‍ക്ക് തടയാം ; സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: തിയറ്റര്‍ ഉടമകള്‍ക്ക് പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ആളുകള്‍ കൊണ്ടു വരുന്നത് നിയന്ത്രിക്കാമെന്ന് സുപ്രീംകോടതി വിധി.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സിനിമ തിയറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥലമാണ്. അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉടമക്ക് അനുവാദമുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

സിനിമ കാണാന്‍ എത്തുന്നയാളുകള്‍ ഉടമ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതേസമയം, ശുദ്ധമായ കുടിവെള്ളം തിയറ്ററില്‍ സൗജന്യനിരക്കില്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുട്ടികള്‍ക്കുള്ള ഭക്ഷണം തിയറ്ററിനകത്ത് കൊണ്ടു പോകുന്നതിനും നിയന്ത്രണമുണ്ടാവില്ല.

നേരത്തെ സിനിമ കാണാനെത്തുന്നവര്‍ പുറത്ത് നിന്ന് ഭക്ഷണവും മറ്റ് പാനീയങ്ങളും കൊണ്ടു വരുന്നത് തടയരുതെന്ന് ജമ്മുകശ്മീര്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വിവിധ തിയറ്റര്‍ ഉടമകളും മള്‍ട്ടിപ്ലെക്സ് അസോസിയേഷനും നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

spot_img

Related Articles

Latest news