ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍,ഡീസല്‍ ഇന്ധനങ്ങളുടെ വിലയില്‍ ഉടനെ തന്നെ കുറവ് വരുത്താന്‍ സാധ്യത.കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികളുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ഫോസില്‍ ഇന്ധനങ്ങളുടെ വിലയില്‍ കുറവ് വരുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ദ്ധന വരുത്തിയിട്ടില്ല.റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തിന്റെ ഫലമായി രൂപപ്പെട്ട ആഗോളപ്രതിസന്ധി മൂലം രാജ്യത്തെ പണപ്പെരുപ്പം വര്‍ദ്ധിക്കാതിരിക്കാനായുള്ള നീക്കമായി ആയിരുന്നു ഇതിനെ കണക്കാക്കിയത്.
കമ്ബനികളുടെ ചിലവിനനുസൃതമായി വില വര്‍ദ്ധിപ്പിക്കാത്തത് മൂലമുണ്ടായ നഷ്ടം നികത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിട്ടുണ്ട്.ഇത് വഴിയാണ് രാജ്യത്തെ ഇന്ധനവില കുറയാനുള്ള വഴിയൊരുങ്ങുന്നത്.2022-നെ അപേക്ഷിച്ച് ക്രൂഡ്‌ഓയിലിനുണ്ടായ വിലവര്‍ദ്ധനവില്‍ മാറ്റമുണ്ടായതില്‍ രാജ്യത്ത പെട്രോളിയം വിനിമയത്തില്‍ കമ്ബനികള്‍ക്ക് ലാഭം ലഭിച്ചിരുന്നെങ്കിലും ഡീസലിന് നഷ്ടം തുടര്‍ന്നു.
പെട്രോളിന്റെ ലാഭം ലിറ്ററിന് 10 രൂപയിലെത്തിയിരുന്നു.2023 ആദ്യവാരം വരെയുള്ള കണക്കുകള്‍ പ്രകാരം ഡീസലിന്റെ നഷ്ടം 11 രൂപയില്‍ നിന്നും 13 രൂപയായി ഉയര്‍ന്നിരുന്നു.റഷ്യ-യുക്രെയിന്‍ സംഘര്‍ഷം മൂലം ആഗോളവിപണിയില്‍ എണ്ണവിലയ്ക്കുണ്ടായ വര്‍ദ്ധന രാജ്യത്ത് പ്രതിഫലിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്ബനികള്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചതായി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.