ചില്ലിക്കാശു പോലുമില്ല, പിന്നെന്തിനാണ് വീട്ടില്‍ ഇത്ര കാമറകള്‍?; ഇനിയെങ്കിലും അല്‍പ്പം പണം സൂക്ഷിക്കണേ’; വീട്ടുടമസ്ഥന് കള്ളന്റെ കുറിപ്പ്

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ വീട്ടില്‍ നിന്നും പണമൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് വീട്ടുടമയ്ക്ക് കത്തെഴുതി വെച്ചിട്ട് പോയി. അടുത്ത തവണ കള്ളന്മാര്‍ വരുമ്പോള്‍ നിരാശപ്പെടുത്താതിരിക്കാനായി, വീട്ടില്‍ കുറച്ചു പണം എങ്കിലും സൂക്ഷിക്കണം എന്നായിരുന്നു കത്തില്‍ കുറിച്ചിരുന്നത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.
ജെയിംസ് പോള്‍ (57) എന്നയാളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്. ജെയിംസിന്റെ മകള്‍ മധുരയിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുകയാണ്. അമ്മയും മകളോടൊപ്പമാണ്. കഴിഞ്ഞ ദിവസം ജെയിംസും കുടുംബത്തിനൊപ്പം താമസിക്കാനായി മധുരയിലേക്ക് പോയപ്പോഴാണ് കള്ളന്‍ വീട്ടില്‍ കയറിയത്.

ചൊവ്വാഴ്ച രാത്രി, ജെയിംസ് മൊബൈല്‍ ഫോണിലെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ വീണ്ടും പരിശോധിച്ചപ്പോള്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തി. സംശയം തോന്നി വിവരം സമീപവാസികളെ അറിയിച്ചു. അവര്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ മുന്‍വാതില്‍ തകര്‍ന്നതായി കണ്ടെത്തി.
വിവരമറിഞ്ഞ് വീട്ടിലെത്തിയ ജെയിംസ് പരിശോധിച്ചപ്പോള്‍ മേശ തുറന്നിരിക്കുന്നതായും, പണപ്പെട്ടിയും പേഴ്‌സും കാണാനില്ലെന്നും വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് തെളിവ് ശേഖരിക്കുന്നതിനിടെയാണ്, കള്ളന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയത്.
അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ‘നിങ്ങളുടെ വീട്ടില്‍ ഒരു രൂപ പോലും ഇല്ല. പിന്നെ ഇത്രയധികം കാമറകള്‍ എന്തിനാണ്? അടുത്ത തവണ, എന്നെപ്പോലുള്ള കള്ളന്മാര്‍ നിരാശരാകാതിരിക്കാന്‍ കുറച്ച് പണമെങ്കിലും സൂക്ഷിക്കുക. ക്ഷമിക്കണം. കള്ളന്‍.’. മോഷ്ടാവിനെ തിരിച്ചറിയാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Mediawings:

spot_img

Related Articles

Latest news