കാറിന്റെ ചില്ല് തകര്‍ത്ത് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു

പാലക്കാട് : മകളുടെ വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയ കെഎസ്‌ഇബി ജീവനക്കാരന്റെ കാറിന്റെ ചില്ല് തകര്‍ത്ത് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. നഗരത്തിലെ സ്വകാര്യ വസ്ത്രശാലയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ചില്ലു തകര്‍ത്താണ് പണവും ഫോണും തിരിച്ചറിയല്‍ രേഖകളും അടക്കം മോഷ്ടിച്ചത്. ഒറ്റപ്പാലം എസ്‌ആര്‍കെ നഗര്‍ മാറാമ്പില്‍ കെഎസ്‌ഇബി ജീവനക്കാരനായ എം.സി. ആന്റണിയുടെ കാറില്‍ നിന്നാണ് പണവും മൊബൈല്‍ ഫോണുമടക്കം മോഷണം പോയത്.

ഇന്നലെ വൈകിട്ട് 5ന് പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ വസ്ത്രശാലയ്ക്ക് സമീപമാണ് സംഭവം. വസ്ത്രശാലയുടെ പാര്‍ക്കിങ് ഏരിയയില്‍ സ്ഥലമില്ലാതിരുന്നതിനാല്‍ സെക്യൂരിറ്റിയുടെ നിര്‍ദേശമനുസരിച്ച്‌ റോഡിന്റെ മറുപുറത്താണ് കാര്‍ പാര്‍ക്ക് ചെയ്തത്. കാറിന്റെ പിറകുവശത്ത് ബാഗിനുള്ളിലായിരുന്നു പണവും മൊബൈല്‍ ഫോണും സൂക്ഷിച്ചിരുന്നത്. വസ്ത്രങ്ങള്‍ വാങ്ങി വൈകിട്ട് ഏഴോടെ തിരികെയെത്തിയപ്പോഴാണ് കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്തു സാധനങ്ങള്‍ മോഷ്ടിച്ച വിവരം അറിയുന്നത്.

എം.സി. ആന്റണിയും ഭാര്യ വി. സിസിലിയും കുടുംബ സുഹൃത്തായ കെ.സി. മാണിക്കും അദ്ദേഹത്തിന്റെ ഭാര്യ ത്രേസ്യക്കുട്ടിക്കും (മീര മാണി) ഒപ്പം ഉണ്ടായിരുന്നത്. തുടര്‍ന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വാഹനത്തില്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മോഷണം പോയ ബാഗ് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാലക്കാട് പ്രിയദര്‍ശിനി തിയറ്ററിന് എതിര്‍വശത്തു നിന്ന് കണ്ടെടുത്തു. എന്നാല്‍, അതില്‍ പണവും മൊബൈല്‍ ഫോണും ഉണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.

ആറു മാസം മുന്‍പും ഇതേ സ്ഥലത്ത് സമാന രീതിയില്‍ മോഷണം നടന്നിട്ടുള്ളതായും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും നോര്‍ത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ്‌പി. സുധീരന്‍ അറിയിച്ചു.

മീഡിയ വിങ്സ്, പാലക്കാട്

spot_img

Related Articles

Latest news