ഗര്‍ഭാവസ്ഥയില്‍ കോവിഡ് വരാതെ നോക്കാന്‍ വളരെ ശ്രദ്ധയും മുന്‍കരുതലും ആവശ്യമാണ്. മൂക്കും വായും മറയുന്ന തരത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കുക. പുറത്തു പോകുമ്പോള്‍ രണ്ടു മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ കൈ ശുചിയാക്കുക. സാമൂഹിക അകലം 8 അടി അല്ലെങ്കില്‍ രണ്ടു മീറ്റര്‍ പാലിക്കുക. ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ ഒഴിവാക്കുക.ഗര്‍ഭിണികള്‍ ഗ്രഹ സന്ദര്‍ശനം ഒഴിവാക്കുക, ഗര്‍ഭിണികളുള്ള വീട്ടിലേക്കുള്ള സന്ദര്‍ശനം നിരുത്സാഹപ്പെടുത്തുക. വീട്ടില്‍ താമസിക്കുന്ന മറ്റു വ്യക്തികള്‍ പുറത്തു പോയി തിരിച്ചു വരുമ്പോള്‍ കുളിച്ചു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം മാത്രം ഗര്‍ഭിണികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ശ്രദ്ധിക്കുക.
ഗര്‍ഭിണിയായ വ്യക്തി കോവിഡ് പോസിറ്റീവ് ആയാല്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. അവരുടെ തുടര്‍ ചികിത്സ നിശ്ചയിക്കുന്നത് രോഗലക്ഷണങ്ങളും ഗര്‍ഭകാലാവധിയും അനുസരിച്ചാണ്. രോഗലക്ഷണങ്ങള്‍ അനുസരിച്ചു ഗര്‍ഭിണികളെ
*ബി1, ബി2, സി* എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ഗര്‍ഭിണികളാണ് ആദ്യ വിഭാഗം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ അതായത്, പനി, ജലദോഷം, തൊണ്ട വേദന തുടങ്ങിയ രോഗങ്ങളും കൂടാതെ പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും ബി2 കാറ്റഗറിയില്‍ വരും. അതീവ രോഗലക്ഷണങ്ങള്‍ ഉള്ളവരെ സി ക്യാറ്റഗറിയില്‍ പെടുത്തും.
ഗര്‍ഭ കാലാവധി കൂടി പരിശോധിക്കുക ആണെങ്കില്‍ 34 ആഴ്ചക്കുള്ളിലുള്ള കോവിഡ് രോഗിക്ക് രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആരോഗ്യ അവസ്ഥ വിലയിരുത്തിയതിനു ശേഷം ഹോം ഐസൊലേഷനിലേക്കു വിടുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. 34 ആഴ്ചയ്ക്കു ശേഷമാണു കോവിഡ് പോസിറ്റീവ് ആകുന്നതെങ്കില്‍ അഡ്മിറ്റ് ചെയ്ത് ആരോഗ്യ സ്ഥിതി വിലയിരുത്തും. അതിനു ശേഷം ഹോം ഐസൊലേഷനോ തുടര്‍ചികിത്സയോ നിര്‍ദ്ദേശിക്കും.
ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നതായി കാണുന്നില്ല പക്ഷെ പ്രസവാന്തരം കുഞ്ഞിനെ പരിചരിക്കുമ്പോഴാണ് അസുഖം പകരുന്നതായി കാണുന്നത്. കോവിഡ് പോസിറ്റീവാകുന്നത് മുലയൂട്ടുന്നതിനു തടസമല്ല,ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശവും മുലയൂട്ടണം എന്ന് എന്നാണ് .പക്ഷെ അമ്മയും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും കുഞ്ഞിനെ ദൂരെ വച്ച് പരിപാലിക്കുകയും ചെയ്യണം. കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ചു മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവാക്‌സിനോ കോവിഷീല്‍ഡോ വാക്സിനുകള്‍ എടുക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലെ കോവിഡില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.