ജനറൽ ഡ്യൂട്ടി കോൺസ്റ്റബിൾ, കോൺസ്റ്റബിൾ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (സി.എ.പി.എഫ്.), എൻ.ഐ.എ., എസ്.എസ്.എഫ്., റൈഫിൾമാൻ (ജി.ഡി.) അസം റൈഫിൾസ് എക്സാമിനേഷൻ 2021-ന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ വിവിധ സേനകളിലായി 25,271 ഒഴിവാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
അംഗീകൃത ബോർഡ്/സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ/പത്താംക്ലാസ് പാസായിരിക്കണം. 01.08.2021 തീയതിവെച്ചാണ് യോഗ്യത കണക്കാക്കുന്നത്. ഉദ്യോഗാർഥികൾ രേഖാപരിശോധന സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. എൻ.സി.സി. സർട്ടിഫിക്കറ്റുള്ളവർക്ക് തിരഞ്ഞെടുപ്പിൽ ഇൻസെന്റീവ്/ബോണസ് മാർക്ക് ലഭിക്കും.
02.08.1998-നും 01.08.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. എസ്.സി./എസ്.ടി. വിഭാഗത്തിന് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ വയസ്സിളവ് ലഭിക്കും.
കംപ്യൂട്ടർ ബേസ്ഡ് എക്സാമിനേഷൻ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്/ഫിസിക്കൽ സ്റ്റാൻഡേഡ് ടെസ്റ്റ്, ഡിറ്റെയ്ൽഡ് മെഡിക്കൽ എക്സാമിനേഷൻ/റിവ്യൂ മെഡിക്കൽ എക്സാമിനേഷനിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഒബ്ജക്ടീവ് രീതിയിലുള്ള 100 ചോദ്യങ്ങളുണ്ടാകും. 100 മാർക്കിന് 90 മിനിറ്റായിരിക്കും പരീക്ഷ. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങളുണ്ടാകും. ഓരോ തെറ്റ് ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും. General Intelligence and Reasoning, General Knowledge and General Awareness, Elementary Mathematics, English/Hindi എന്നീ വിഷയങ്ങളിൽനിന്ന് പത്താം തരം നിലവാരത്തിലുള്ള 25 വീതം ചോദ്യങ്ങളാണ് പരീക്ഷയിലുണ്ടാകുക. വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്.
കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. മുൻഗണനാ ക്രമത്തിൽ മൂന്ന് സെന്ററുകൾ തിരഞ്ഞെടുക്കണം.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശാരീരികക്ഷമത പരീക്ഷിക്കുന്നതിനായി താഴെക്കൊടുത്ത ടെസ്റ്റ് ഉണ്ടാവും.
ഓട്ടം: പുരുഷന്മാർക്ക് 24 മിനിറ്റിൽ 5 കിലോമീറ്റർ. സ്ത്രീകൾക്ക് 8 1/2 മിനിറ്റിൽ 1.6 കിലോമീറ്റർ.
ശാരീരികയോഗ്യത
ഉയരം: പുരുഷന്മാർക്ക് 170 സെ.മീ. സ്ത്രീകൾക്ക്-157 സെ.മീ. എസ്.ടി. വിഭാഗത്തിൽ പുരുഷന്മാർക്ക് 162.5 സെ.മീ. സ്ത്രീകൾക്ക് 150.0 സെ.മീ. നെഞ്ചളവ്: പുരുഷന്മാർക്ക് 80 സെ.മീ. വികാസം 5 സെ.മീ. ഉണ്ടായിരിക്കണം. എസ്.ടി. വിഭാഗത്തിന് 76 സെ.മീറ്ററും 5 സെ.മീ. വികാസവും വേണം. സ്ത്രീകൾക്ക് ബാധകമല്ല.
ഭാരം: ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഉണ്ടായിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.ssc.nic.in എന്ന വെബ്സൈറ്റ് കാണുക. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ഓഗസ്റ്റ് 31.