വെല്ലിംഗ്‌ടണ്‍: പസഫിക് സമുദ്രത്തില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയ 3.5 ടണ്‍ (3500 കിലോ) കൊക്കെയിന്‍ പിടിച്ചെടുത്തതായി ന്യൂസിലാന്‍ഡ് നാവികസേന.
ന്യൂസിലാന്‍ഡില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയായി പസഫിക് സമുദ്രത്തിന്റെ വിദൂരമേഖലയില്‍ ഇന്നലെയാണ് കൊക്കെയിന്‍ കണ്ടെത്തിയത്. ഡിസംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ ഹൈഡ്രോസിന്റെ ഭാഗമായാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
രാജ്യത്ത് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് ന്യൂസിലാന്‍ഡ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 315.2 മില്യണ്‍ ഡോളര്‍ (2600 കോടി രൂപ) മൂല്യമുള്ള മയക്കുമരുന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഓസ്ട്രേലിയയിലേയ്ക്ക് കടത്താനുള്ള ശ്രമത്തിനിടെ കള്ളക്കടത്തുകാര്‍ കൊക്കെയിന്‍ ഉപേക്ഷിച്ചതാകാമെന്ന് ന്യൂസിലാന്‍ഡ് പൊലീസ് പറഞ്ഞു. 81 കെട്ടുകളിലായി ആണ് കൊക്കെയിന്‍ പസിഫിക് സമുദ്രത്തില്‍ കണ്ടെത്തിയത്. ഇത് ന്യൂസിലാന്‍ഡില്‍ തന്നെ നശിപ്പിക്കും. കേസില്‍ അന്വേഷണം തുടരുമെന്നും അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് സംശയാസ്പദമായ കപ്പലുകളുടെ നിരീക്ഷണം തുടരുമെന്നും ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു.