മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കിടെ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.മാലിയിലെ ഒരു സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരെയാണ് നിരോധിത ഭീകര സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

 

പടിഞ്ഞാറന്‍ മാലിയിലെ കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയില്‍ ആയുധധാരികളായ അക്രമികള്‍ എത്തി ആക്രമണം നടത്തുകയും തുടര്‍ന്ന്പ്ലാന്റിലേക്ക് അതിക്രമിച്ചു കയറിയ തോക്കുധാരികള്‍ തൊഴിലാളികളെ ബന്ദികളാക്കുകയുമായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. ഈ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ മാലിയിലുടനീളം ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയ അല്‍-ഖ്വയ്ദ ബന്ധമുള്ള ജമാഅത്ത് നുസ്രത്ത് അല്‍-ഇസ്ലാം വാള്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) ആണെന്നും സംശയിക്കുന്നുണ്ട്.

 

സംഭവത്തെ ശക്തമായി അപലപിച്ച ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എംഇഎ) ‘നിര്‍ഭാഗ്യകരമായ ആക്രമണം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ ‘സുരക്ഷിതവും വേഗത്തിലുള്ളതുമായ’ മോചനം ഉറപ്പാക്കാന്‍ മാലി സര്‍ക്കാരിനോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു.

 

‘ജൂലൈ 1 നാണ് സംഭവം നടന്നത്, ആയുധധാരികളായ ഒരു സംഘം ഫാക്ടറി വളപ്പില്‍ സംഘടിത ആക്രമണം നടത്തി മൂന്ന് ഇന്ത്യന്‍ പൗരന്മാരെ ബലമായി ബന്ദികളാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ ഈ പ്രവൃത്തിയെ അപലപിക്കുകയും മാലി റിപ്പബ്ലിക് സര്‍ക്കാരിനോട് പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു,’ – എന്നാണ് വിദേശകാര്യ മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

 

ബന്ദികളെ സുരക്ഷിതരാക്കുന്നതിനായി ബമാക്കോയിലെ ഇന്ത്യന്‍ എംബസി മാലിയന്‍ അധികാരികളുമായും പ്രാദേശിക നിയമപാലകരുമായും ഡയമണ്ട് സിമന്റ് ഫാക്ടറിയുടെ മാനേജ്മെന്റുമായും നിരന്തരബന്ധം പുലര്‍ത്തുന്നുണ്ട്.

 

മാലിയില്‍ താമസിക്കുന്ന എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും അപ്ഡേറ്റുകള്‍ക്കും സഹായത്തിനുമായി എംബസിയുമായി നിരന്തരം ബന്ധപ്പെടാനും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരന്മാരെ എത്രയും വേഗം സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

spot_img

Related Articles

Latest news