യാത്രാവിലക്കില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനാകാതെ മൂന്നുലക്ഷത്തോളം പ്രവാസി മലയാളികള്‍ ദുരിതത്തില്‍. കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് നാട്ടിലെത്തി വിസാ കാലാവധിയുള്ളവരാണ് പ്രതിസന്ധിയിലായത്.
തിരിച്ചെത്താത്ത പലര്‍ക്കും പിരിച്ചുവിടലിനു മുമ്പുള്ള നോട്ടീസ് ലഭിച്ചുതുടങ്ങി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലടക്കം ജോലി ചെയ്യുന്നവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
നിലവില്‍ ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് യാത്രാനുമതിയുള്ളത്. മലയാളികള്‍ ഏറ്റവും കൂടുതലുള്ള സൗദി, യുഎഇ, കുവൈത്ത്, ഒമാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ അനുമതിയില്ല.
വിസാ കാലാവധി കഴിയും മുമ്പെ തിരിച്ചെത്താന്‍ അര്‍മേനിയ, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങള്‍ വഴി യാത്ര ചെയ്യാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇതിനായി വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.
ഖത്തറിലെത്തി മറ്റ് രാജ്യങ്ങളിലേക്കു പോകാനും നിരവധി പേര്‍ തയ്യാറാകുന്നു. തിരക്ക് മുതലെടുത്ത് ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും തിരിച്ചടിയായി. ദോഹയിലേക്ക് 8500 മുതല്‍ 10,000 വരെയായിരുന്ന ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 30,000 വരെയാക്കി. ആവശ്യത്തിന് വിമാന സര്‍വീസുമില്ല.
ഖത്തറില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിയാനും വന്‍തുക വേണ്ടിവരും. സൗദി അടക്കമുള്ള രാജ്യങ്ങള്‍ കോവാക്സിന്‍ അംഗീകരിക്കാത്തതും തിരിച്ചടിയാണ്. കോവാക്സിന്‍ എടുത്ത് സൗദിയിലെത്തിയവര്‍ക്ക് ഗ്രീന്‍ സിഗ്നല്‍ ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല.
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി നേരിട്ട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനങ്ങാപ്പാറ നയം തുടരുകയാണ്. കേന്ദ്ര വിദേശകാര്യ വകുപ്പിന് ചീഫ് സെക്രട്ടറി രേഖാമൂലം പരാതിയും നല്‍കി.
ലക്ഷക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമായിട്ടും മലയാളിയായ വിദേശകാര്യ സഹമന്ത്രി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്. യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി സംഘത്തെ അയക്കണമെന്ന് കേരള പ്രവാസി സംഘം ആവശ്യപ്പെട്ടു.