തൃശ്ശൂർ: അന്താരാഷ്ട്ര മാർക്കറ്റിൽ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛർദിൽ തൃശ്ശൂരിൽ പിടികൂടി. സുഗന്ധലേപന വിപണിയിൽ വൻ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഛർദിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പിൻ്റെ വിജിലൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ ചേറ്റുവയിൽ നിന്നാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
വാടാനപ്പിള്ളി സ്വദേശികളായ രണ്ട് പേരും ഒരു എറണാകുളം സ്വദേശിയുമാണ് പിടിയിലായത്.
18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദിൽ ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. അറേബ്യൻ മാർക്കറ്റിൽ മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാൻഡുള്ളതെന്നും തൃശ്ശൂരിലെ സംഘത്തിന് ഇതെവിടെ നിന്നു കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.