തൃശ്ശൂർ: തൃശ്ശൂർക്കാർക്ക് ഇന്ന് പുലിക്കളിയുടെ ആവേശം. ദേശങ്ങളെല്ലാം ആട്ടവും പാട്ടുമായി അവസാന വട്ട ഒരുക്കത്തിലാണ്.പുലർച്ചെ മുതല്‍ പുലിമടകളില്‍ തിങ്കളാഴ്ചത്തെ ഒരുക്കങ്ങളാരംഭിക്കും. നാലിനും അഞ്ചിനുമൊക്കെയാണ് പലയിടങ്ങളിലും പുലിവര തുടങ്ങുക. പുലിക്കളിപോലെ ആവേശം പകരുന്ന പുലിയൊരുക്കം കാണാൻ ആളുകള്‍ പുലിമടകളിലേക്ക് ഒഴുകും. 9 ദേശങ്ങളില്‍ നിന്ന് 400 ലേറെ പുലികളാണ് ഇക്കുറി ഇറങ്ങുക.
വൈകീട്ട് നാലരയോടെ ഓരോ സംഘവും റൗണ്ടില്‍ പ്രവേശിക്കും. ഓരോ സംഘത്തിലും 51 വരെ പുലികളുണ്ടാകും. നിശ്ചലദൃശ്യങ്ങളും പുലിവണ്ടിയുമെല്ലാമുണ്ടാകും. വർഷങ്ങള്‍ക്കുശേഷമാണ് 9 ദേശക്കാർ പുലിക്കളിക്കായി എത്തുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപ്പറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞതവണ 7 സംഘങ്ങളാണ് പങ്കെടുത്തത്.
പുലിക്കളി കാണാൻ സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകളെത്തും. രാത്രി 10-ന് നടക്കുന്ന സമാപനച്ചടങ്ങോടെയാണ് പുലിക്കളി പൂർണമാകുക. അതുവരെ പുലികള്‍ റൗണ്ടില്‍ നിറഞ്ഞാടും. സമാപനത്തില്‍ പുലികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. പുലിക്കളിയോടെ തൃശ്ശൂർക്കാരുടെ ഓണാഘോഷത്തിനു അവസാനമാകും.
പുലിക്കളിക്കു സുരക്ഷയൊരുക്കി പോലീസും മുന്നില്‍ തന്നെയുണ്ട്. തേക്കിൻകാട് മൈതാനത്തും നടപ്പാതയിലും സുരക്ഷിതയിടങ്ങളില്‍ ജനങ്ങള്‍ക്കു പുലിക്കളി ആസ്വദിക്കാം. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നത് പൂർണമായും നിരോധിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാല്‍നട പട്രോളിങ്, ഇരുചക്രവാഹന പട്രോളിങ്, ജീപ്പ് പട്രോളിങ് എന്നിങ്ങനെ പ്രത്യേകം ക്രമീകരണങ്ങളുമുണ്ട്. നഗരത്തിലേക്ക് വരുന്നവർ, റോഡരികില്‍ വാഹനങ്ങള്‍ നിർത്തിയിടാതെ സുരക്ഷിതമായ ഗ്രൗണ്ടുകളില്‍ പാർക്ക് ചെയ്യണം.