റിയാദ്: തൃശൂർ ജില്ലാ സൗഹൃദവേദി സൗദി അറേബ്യയുടെ 2026-ലെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. സൗഹൃദവേദി സൗദി പ്രസിഡന്റ് കൃഷ്ണകുമാർ, പ്രമുഖ വ്യക്തിത്വമായ ബഷീർ ചെറുവത്താനിക്ക് അംഗത്വം നൽകി ക്യാമ്പയിന് ഉദ്ഘാടനം നിർവ്വഹിച്ചു.
പതിനഞ്ചു വർഷമായി റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന സൗഹൃദവേദി, അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തി സൗദിയിലെ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചുവരികയാണ്. 2026 ലേക്കുള്ള അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പയിൻ ആഗസ്ത് 15 മുതൽ ഡിസംബർ 15 വരെയായി തുടരും.
അൽഖർജ്, ദമ്മാം, ജുബൈൽ, ജിദ്ദ എന്നിവിടങ്ങളിലെ സൗഹൃദവേദി കേന്ദ്രങ്ങളിലൊക്കെ അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. അംഗങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ ഒരുക്കിക്കൊണ്ടുപോകുന്ന സംഘടന, സൗദിയിലെ മറ്റു മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നു.
ഷെറിൻ മുരളിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ മുൻ പ്രസിഡന്റ് ധനഞ്ജയകുമാർ ആശംസകൾ നേർന്നു. സൂരജ്, ശരത് ജോഷി, സുരേഷ് തിരുവില്വാമല എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ട്രഷറർ ഷാഹിദ് അറക്കൽ നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയിൽ താമസിക്കുന്ന തൃശൂർ ജില്ലക്കാരായ മുഴുവൻ പ്രവാസികളെയും സൗഹൃദവേദിയിൽ അംഗങ്ങളാകാൻ സംഘടന ക്ഷണിച്ചിട്ടുണ്ട്.