തൃശൂർ: മലയാളക്കരയുടെ മാമാങ്കമായ തൃശൂർ പൂരം ഇന്ന്. ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്കു വരുന്നത്.ഇക്കുറി മെയ് 06 ഉച്ചക്ക് ശേഷം 03:52 പിഎം മുതല്‍ മെയ് 07 വൈകുന്നേരം 06:17 പിഎം വരെ പൂരവും, തുടർന്ന്
മെയ് 07 വൈകുന്നേരം 06:17 പിഎം മുതല്‍ മെയ് 08 രാത്രി 09:06 പിഎം വരെ ഉത്തരവും ആണ്. അതനുസരിച്ചാണ് പൂരം നാള്‍ നാളെയാണെങ്കിലും , ഇക്കുറി മകം നാളില്‍ പൂരമെത്തിയത്. കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങള്‍ക്ക് തുടക്കം കുറിച്ചു . കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.
പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള മൂർത്തികളും ഇന്ന് വടക്കും നാഥനെ വണങ്ങുന്നതിനായെത്തും.
തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ഉച്ചയ്‌ക്ക് പതിനൊന്നരയ്‌ക്കാണ്. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും ആരംഭിക്കും. വൈകുന്നേരം 5:30-ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നു മണിക്കാണ് പൂരം വെടിക്കെട്ട് നടക്കുക.