തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലെത്തിയതോടെ പൂര നഗരി സജീവമായി. വിവിധ ഘടക പൂരങ്ങള്‍ ഉച്ചയ്ക്ക് 12നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരാണ് ഓരോ പൂരസംഘത്തോടൊപ്പവും ഉണ്ടാകുക.
ആളും ആരവവുമില്ലാതെയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൂരം. പൊതുജനങ്ങള്‍ക്ക് തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശനമില്ല.
തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവിന് 11.30ന് പഞ്ചവാദ്യത്തോടെ തുടക്കമാകും. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ 12 മണിയോടെ ചെമ്പട കൊട്ടിത്തുടങ്ങും. പെരുവനം കുട്ടന്‍ മാരാറാണ് മേളത്തിന് പ്രാമാണ്യം വഹിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വടക്കുംനാഥ ക്ഷേത്ര സന്നിധിയില്‍ ഇലഞ്ഞിത്തറ മേളം നടക്കും.