തൃശൂര്‍: വഴിയരികില്‍ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ യാതൊരു കാരണവും കൂടാതെ ഭീഷണിപ്പെടുത്തിയ പോലീസുകാരെ ചോദ്യം ചെയ്തതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഏറ്റുവാങ്ങേണ്ടി വന്നത് അതിക്രൂരമായ പീഡനം.2023 ഏപ്രില്‍ അഞ്ചിന് നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തൃശൂര്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നടന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്താൻ വേണ്ടി വന്നത് മൂന്ന് വർഷം നീണ്ട നിയമ പോരാട്ടമായിരുന്നു. വിവരാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമാണ് യുവാവിന് നേരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് സുജിത്തിനെയാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥർ ക്രൂരമായി തല്ലിച്ചതച്ചത്.
തൃശൂര്‍ ചൊവ്വന്നൂരില്‍ വെച്ച് വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സുജിത്ത് കാര്യം തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ്. ഐ. നുഹ്മാൻ സുജിത്തിനെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയത്. സ്റ്റേഷനില്‍ എത്തിയത് മുതള്‍ മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ടായിരുന്നു മര്‍ദനം. സ്റ്റേഷനില്‍ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നത് ദൃശ്യത്തിലുണ്ട്.
മർദനത്തിന് നേതൃത്വം നല്കിയതാവട്ടെ എസ്‌ഐ നുഹ്മാനും. ഒപ്പം മദ്യപിച്ച് പ്രശമുണ്ടാക്കി പോലീസിനെ കയ്യേറ്റം ചെയ്തതായും കൃത്യ നിർവഹണം തടസ്സപ്പടുത്തിയതായും ആരോപിച്ച് ഒരു കള്ളക്കേസ് കൂടി ചാർത്തി നല്‍കി. വ്യാജ എഫ്‌ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലില്‍ അടക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. എന്നാല്‍ പിന്നീട് നടന്ന വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. കോടതിയുടെ നിർദേശം അനുസരിച്ച് നടന്ന പരിശോധനയില്‍ പോലീസുകാരുടെ മർദനത്തിന് പിന്നാലെ സുജിത്തിന്‍റെ ചെവിയുടെ കേള്‍വി തകരാറിലായതായും കണ്ടെത്തി. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് കോടതി നിർദ്ദേശപ്രകാരമെടുത്ത കേസിന്റെ വിചാരണ ഇപ്പോള്‍ നടക്കുകയാണ്. ഇതേത്തുടർന്നാണ് മൂന്ന് വർഷത്തിനിപ്പുറം വിവരാവകാശപ്രകാരം മർദ്ദന ദൃശ്യങ്ങള്‍ പരാതിക്കാരന് ലഭിച്ചത്.