പഴയങ്ങാടി ചൂട്ടാട് മഞ്ചമേഖലയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായുള്ള അഭ്യൂഹത്തെ തുടർന്ന് തളിപ്പറമ്പ് വനപാലക സംഘം സ്ഥലം സന്ദർശിച്ചു. കണ്ടതായി സംശയം പറഞ്ഞ ചൂട്ടാടെ കെ.എം ബീഫാത്തുവിന്റെ വീട്, മഞ്ചയ്ക്കു സമീപത്തെ മുഹമ്മദലി, മത്സ്യത്തൊഴിലാളി ജോഷി എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പുലിയുടേതെന്ന് സംശയിക്കുന്ന രീതിയിൽ കാണപ്പെട്ട കാൽപ്പാട് പരിശോധിച്ചു. കാറ്റാടി മരക്കൂട്ടം, കണ്ടൽക്കാടുകൾ എന്നിവിടങ്ങളിലും ഇവർ പരിശോധന നടത്തി. കാട്ടുപൂച്ചയാകാനുള്ള സാധ്യതയെന്നാണ് വനം വകുപ്പ് പറയുന്നത്. ആളുകൾ പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി. പുലിയുടെ കാൽപ്പാദ അടയാളങ്ങളോ, വിസർജ്യമോ, ഇരപിടിച്ചതിന്റെ ലക്ഷണമോ കണ്ടെത്താനായില്ല. തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി രതീശന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.