കല്‍പ്പറ്റ: ചത്തെന്ന് കരുതിയ പെണ്‍കടുവ ഒടുവില്‍ കര്‍ണാടക വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കഴുത്തില്‍ ആഴത്തിലുള്ള മുറിവുമായി വയനാട്ടില്‍ കണ്ട കടുവയാണ് കിലോമീറ്ററുകള്‍ സഞ്ചരിച്ച് ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തില്‍ പിടിയിലായത്.
ഗുണ്ടറ റേഞ്ചില്‍ ഉള്‍പ്പെട്ട വനത്തില്‍ സ്ഥാപിച്ച കെണിയിലാണ് ഏഴ് വയസ്സുള്ള കടുവ അകപ്പെട്ടത്. പരിക്കുള്ളതിനാല്‍ ചികിത്സക്കായി മൈസുരുവിലെ കൂറഗള്ളി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മാസങ്ങള്‍ക്ക് മുമ്പ് പരിക്കേറ്റ നിലയില്‍ വയനാട്ടിലെ കാടുകളില്‍ കണ്ട കടുവക്കായി വനംവകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ചത്തിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍. കേരള-കര്‍ണാടക അതിര്‍ത്തി വനത്തില്‍ സഞ്ചരിച്ചിരുന്ന കടുവയെ കുറച്ചു ദിവസമായി കര്‍ണാടകയിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ച് വരികയായിരുന്നു. പരിക്കേറ്റതിനാല്‍ ഇര തേടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.