ലോസ് ഏഞ്ചലസ്സിലേക്ക് പോകുന്നവഴി കാര്‍ അപകടത്തില്‍ പെട്ട പ്രശസ്ത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജീവന് ഭീഷണി ഉയര്‍ത്തുന്നില്ലെങ്കിലും ഗുരുതരമായ നിരവധി പരിക്കുകളാണ് അപകടത്തില്‍ താരത്തിന് പറ്റിയിട്ടുള്ളത്. ജെനെസിസ് ജി വി 80 കാർ സ്വയം ഓടിച്ചു പോകുമ്പോഴായിരുന്നു അപകടം.
അപകടം സംഭവിക്കുമ്പോള്‍ ടൈഗര്‍ വുഡ് അമിതവേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. കര്‍ബില്‍ ഇടിച്ച്, പിന്നീട് ഒരു മരത്തില്‍ ഇടിച്ച് ധാരാളം തവണ മലക്കം മറിയുകയായിരുന്നു വാഹനം. ഈ അപകടം കണ്ട് അത് എന്തെന്നറിയുവാന്‍ വേഗതകുറച്ച മറ്റൊരു കാറും അപകടത്തിലായി. എന്നാല്‍ ഇതില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.
ഹാലജന്‍ ടൂളുകള്‍ ഉപയോഗിച്ച് ഡോർ മുറിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ വുഡ്സിനെ കാറില്‍ നിന്നും പുറത്തെടുത്തത്. കാല്‍ക്കുഴ തകര്‍ന്ന് ചിതറിപ്പോയതായിട്ടാണ് വുഡ്സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഗോള്‍ഫ് ടിവിയുടെ ഒരു പ്രോഗ്രാം ഷൂട്ടിനായി റോളിങ് ഹില്‍സ് കണ്‍ട്രി ക്ലബ്ബിലേക്ക് പോവുകയായിരുന്നു വുഡ്സ്. ഗോള്‍ഫിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്ന ഒരു സീരീസ് ആയിരുന്നു ഇത്.
അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് അറിവായിട്ടില്ല. 2017-ല്‍ ഫ്ളോറിഡയിലെ ജുപീറ്ററില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് വുഡ്സിന്റെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, ഇന്നലത്തെ അപകടത്തില്‍ ആല്‍ക്കഹോളിന് പങ്കില്ല എന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. അടുത്തയിടെ നടുവിന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായ വുഡ്സ് അതിനുശേഷം മത്സരങ്ങളില്‍ നിന്നും താത്ക്കാലികമായി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു.
മീഡിയ വിങ്സ്