തിരുവമ്പാടി കെഎസ്‌ആര്‍ടിസി മറിഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍.അപകടത്തില്‍ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമാണ് നല്‍കുക. എംഎല്‍എ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. എതിര്‍വശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല. ഇതാണ് ഡ്രൈവറുടെ അശ്രദ്ധയാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിയത്.

സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരുവമ്പാടി പൊലീസാണ് മാമ്പറ്റ സ്വദേശി ഷിബുവിനെതിരെ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മുത്തപ്പന്‍ പുഴയില്‍ നിന്ന് തിരുവമ്പാടിയിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാളിയാമ്പുഴ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് തല കീഴായി പുഴയിലേക്ക് മറിഞ്ഞത്. യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

spot_img

Related Articles

Latest news