റിയാദ്: പ്രവാസലോകത്ത് പതിറ്റാണ്ടുകളോളം കഠിനാധ്വാനം ചെയ്ത നമ്മുടെ പ്രവാസികളിൽ ശിഷ്ട ജീവിതത്തിനു വേണ്ടിയും ഭാവിയിലേക്കുള്ള ചിലവുകൾ കണ്ടെത്തുന്നതിന് വേണ്ടിയും നിലവിലെ സാമ്പത്തിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പടിപടിയായി എങ്ങിനെ നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതിനെ ആസ്പദമാക്കി തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച “ഫിനാന്‍ഷ്യല്‍ ഫ്രീഡം വര്‍ക്ക്‌ഷോപ്പ്” എന്ന ശില്പശാല ശ്രദ്ധേയമായി.
പ്രായഭേദമന്യേ സംഘടനയിലെ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത ശില്പശാലയിൽ വളരെ നല്ല രീതിയിൽ തന്നെ എങ്ങനെ മ്യൂച്ചൽ ഫണ്ട്, സ്റ്റോക്ക് മാർക്കറ്റ്, ഗോൾഡ് തുടങ്ങിയവയിൽ ലളിതമായി നിക്ഷേപിക്കാം എന്നും അതിലൂടെ ഭാവിയിലേക്ക് ഒരു സാമ്പത്തിക ഭദ്രത എങ്ങനെ ഉണ്ടാക്കാം എന്നുള്ള വിഷയങ്ങളും അതിന്റെ അവലോകനങ്ങളും പരിചയപ്പെടുത്തലുകളും നടത്തുകയുണ്ടായി. ഈ മേഖലയിൽ സ്വയം പര്യാപ്തതയോടു കൂടി വർഷങ്ങളായി വിജയകരമായി നിക്ഷേപം നടത്തുകയും അതിനെ കുറിച്ച് ആഴത്തിൽ പഠനം നടത്തുകയും ചെയ്യുന്ന നിർവാഹക സമിതി അംഗം കൂടിയായ അബ്ദുൽ ലത്തീഫ് നടുക്കണ്ടി സ്വയം അനുഭവം മറ്റുള്ളവർക്ക് പങ്കുവെച്ചുകൊണ്ട് സദസ്സിനെ നിക്ഷേപ സാദ്ധ്യതയിലേക്ക് അംഗങ്ങളുടെ ശ്രദ്ധ ക്ഷണിച്ചു. സദസ്സിലെ പരിചയ സമ്പന്നരായ നിക്ഷേപകർ കൂടി അവരുടെ അനുഭവങ്ങളും പങ്കുവെച്ചത് പരിപാടിക്ക് കൂടുതൽ മികവ് നൽകി.
ശില്പശാലയുടെ അവസാനം ഒരു നിക്ഷേപ സൗഹൃദ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അംഗങ്ങൾക്ക് മുന്നിലേക്ക് നിക്ഷേപങ്ങൾക്കുള്ള വളണ്ടിയറിങ് സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ഉണ്ടായി. സംഘടനയിലെ അംഗങ്ങൾക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനും അവര്‍ക്കിടയില്‍ സാമ്പത്തിക അവബോധം സൃഷ്ടിക്കാനുമുള്ള നിതാന്ത പരിശ്രമത്തിന്‍റെ ഭാഗമായാണ് ടി.എം.ഡബ്ലു.എ റിയാദ് വിജ്ഞാനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.
റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് തൻവീർ ഹാഷിം സ്വാഗതവും, ഷഫീഖ് പി.പി നന്ദിയും പറഞ്ഞു. മുഹമ്മദ് നജാഫ് അവതാരകനായി.