ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്.
ലോകത്തിലെ സമ്ബന്നരില്‍ എട്ടാം സ്ഥാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപനായ മുകേഷ് അംബാനിക്കുള്ളത്. മുകേഷ് അംബാനി ക്ലബ്ബിനെക്കുറിച്ച് അന്വേഷിച്ചതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങളൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മുകേഷ് അംബാനിക്ക് ലിവര്‍പൂള്‍ സ്വന്തമാക്കുക എളുപ്പമാകില്ലെന്നും പറയപ്പെടുന്നു. അമേരിക്കയില്‍ നിന്നും അറബ് രാഷ്ട്രങ്ങളില്‍ നിന്നുമൊക്കെയുള്ള ഗ്രൂപ്പുകളും ലിവര്‍പൂളിന് പിന്നാലെയുണ്ട്. ഫെന്‍വേ സ്പോര്‍ട്സ് ഗ്രൂപ്പിന്റെ കൈകളിലാണിപ്പോള്‍ ലിവര്‍പൂള്‍. അവര്‍ ക്ലബ്ബിനെ കൈമാറാന്‍ ഉദ്ദേശിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കൈമാറ്റ തുകസംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ കായിക രംഗത്ത് മുകേഷ് അംബാനി ഇതിനകം തന്നെ മുദ്രപതിപ്പിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അംബാനിയുടെതാണ്. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ നയിക്കുന്ന ടീം. അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് മുബൈയുടെ ഷെല്‍ഫിലുള്ളത്. ഇന്ത്യന്‍ ഫുട്ബോളിന് മാറ്റിമറിക്കാനുദ്ദേശിക്കുന്ന ഐഎസ്എല്ലിന്റെ ശില്‍പികളിലൊരാളായും മുകേഷ് അംബാനിയെ കണക്കാക്കുന്നുണ്ട്.
അതേസമയം 2010 ഒക്ടോബറിലാണ് ടോം ഹിക്സ്-ജോര്‍ജ് ഗില്ലെറ്റില്‍ നിന്ന് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ സ്വന്തമാക്കിയത്. 300 മില്യണ്‍ പൗണ്ടിനാണ് ഫെന്‍വേ ഗ്രൂപ്പ് ലിവര്‍പൂളിനെ അന്ന് സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ക്ലബ്ബ് നേടിയ കിരീടങ്ങളിലൂടെ മൂല്യം കുതിച്ചുയര്‍ന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വില്പന നടന്നാല്‍ നാല് ബില്യണ്‍ പൗണ്ട് വരെ ക്ലബ്ബിന് ലഭിക്കാമെന്നാണ് കണക്കുകൂട്ടൂന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ പ്രീമിയര്‍ ലീഗ്, ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 12 കരീടങ്ങള്‍ സ്വന്തമാക്കിയ ലിവര്‍പൂളിന് ഇന്ത്യയിലും ഒട്ടേറെ ആരാധകരുണ്ട്. ഇതെല്ലാം കണക്ക്കൂട്ടിയാവണം അംബാനിയുടെ പുതിയ നീക്കം.