ദോഹ:ഇന്ന് ഖത്തര്‍ ദേശീയ ദിനം. ‘ഐക്യമാണ് ശക്തിയുടെ ഉറവിടം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ദിന മുദ്രാവാക്യം.
പരേഡുകള്‍, എയര്‍ ഷോകള്‍, വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. ലോകകപ്പിന്‍റെ അവസാന ദിനം കൂടിയായതിനാല്‍ ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കും. അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം ലോകകപ്പ് ജേതാക്കളുമായി ലുസൈല്‍ ബൊളിവാര്‍ഡില്‍ പരേഡ് നടക്കും. ദേശീയ ദിനത്തിന്‍റെ ഭാഗമായുള്ള പ്രധാന എയര്‍ ഷോ ഇന്ന് ഉച്ചയ്ക്ക് 3.15 മുതല്‍ 3.35 വരെ ലുസൈല്‍ ബൊളിവാര്‍ഡിന്‍റെ ആകാശത്ത് നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കത്താറ കള്‍ച്ചറല്‍ വില്ലേജ്, എഡ്യൂക്കേഷന്‍ സിറ്റി ക്ലബ് ഹൗസ്, മാള്‍ ഓഫ് ഖത്തര്‍ എന്നിവിടങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് കാര്‍ണിവല്‍ വേദിയായ കോര്‍ണിഷ് ഉള്‍പ്പെടെ രാജ്യമെങ്ങും അലങ്കാരങ്ങളാല്‍ സമ്പന്നമാണ്. ദേശീയ ദിനാഘോഷത്തിന്‍റെ ഔദ്യോഗിക വേദിയായ ഉംസലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയിലെ ആഘോഷങ്ങളും ഇന്ന് സമാപിക്കും.
ആധുനിക ഖത്തറിന്‍റെ ശില്‍പിയായ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി 1878 ഡിസംബര്‍ 18 ന് അധികാരമേറ്റതിന്‍റെയും ഐക്യരാഷ്ട്രസഭയുമായുള്ള ഖത്തറിന്‍റെ ഏകീകരണത്തിന്‍റെയും സ്മരണയ്ക്കായാണ് ഡിസംബര്‍ 18 ദേശീയ ദിനമായി ആചരിക്കുന്നത്.