തിരുവനന്തപുരം :ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാദിനം. നമ്മുടെ ഭാഷ നമ്മുടെ സംസ്കാരവും ചൈതന്യവുമാണെന്ന തിരിച്ചറിവ് ഏവരിലും എത്തിക്കാനുള്ള ദിനം. മാതൃഭാഷാദിനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന വ്യാപകമായി ഭാഷാദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടക്കും. പട്ടം ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് ഉദ്ഘാടന ചടങ്ങുകൾ. എല്ലാ വിദ്യാലയങ്ങളിലും ഇത്തരത്തിൽ ഭാഷാദിന പരിപാടികൾ നടത്തും. രാവിലെ 11ന് എല്ലാ വിദ്യാലയങ്ങളിലും ഭാഷാപ്രതിജ്ഞ ചൊല്ലും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസടിസ്ഥാനത്തിലാണ് ഭാഷാപ്രതിജ്ഞയെടുക്കേണ്ടത്. മലയാളം ഭാഷാപണ്ഡിതർ, എഴുത്തുകാർ, സാംസ്കാരിക നായകർ തുടങ്ങിയവർ വിവിധ സ്കൂളുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. ജനപ്രതിനിധികളും സ്കൂൾതല ചടങ്ങുകളിൽ പങ്കാളികളാകും.
ഭാഷാപ്രതിജ്ഞ
‘മലയാളമാണ് എന്റെ ഭാഷ.
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻ തന്നെയാണ്.”
Mediawings: