ടോക്യോ: തങ്ങളുടെ ഫുട്ബാൾ ഭാവി സ്വർണത്തിളക്കമുള്ളതാകുമെന്ന് തെളിയിച്ച് ബ്രസീലിയൻ യുവനിര. ഒളിമ്പിക്സ് ഫുട്ബാൾ കലാശപ്പോരിൽ സ്പെയിനിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് തകർത്താണ് ബ്രസീൽ തുടർച്ചയായ രണ്ടാം സ്വർണം നേടിയത്.
ആദ്യ പകുതി അവസാനിരിക്കേ മാതേവ്യൂസ് നേടിയ ഗോളിലാണ് ബ്രസീൽ മുന്നിൽ കയറിയത്.61ാം മിനിറ്റിൽ ഒയർസബലിന്‍റെ തകർപ്പൻ വോളിയിൽ സ്പെയിൻ ഒപ്പമെത്തി. അതോടെ മത്സരം മുറുകി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മറ്റുഗോളുകൾ ഒന്നും എത്തിയില്ല. ഒടുവിൽ 108ാം മിനിറ്റിൽ സ്പാനിഷ് പ്രതിരോധത്തിന് പിടികൊടുക്കാതെ പന്തുമായി ഓടിയെത്തിയ മാൽക്കം പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. സ്പാനിഷ് ഗോൾകീപ്പർ ഒലൈ സൈമൺ ഷോട്ട് തടുക്കാൻ ശ്രമിച്ചെങ്കിലും കാലിൽ തട്ടി വലയിലേക്ക് കുതിക്കുകയായിരുന്നു.
2012 ഒളിമ്പിക്സിൽ ഫൈനലിെലത്തിയ ബ്രസീൽ സ്വന്തം നാട്ടിൽ നടന്ന 2016 റിയോ ഒളിമ്പിക്സിൽ ജർമനിയെ തകർത്താണ് സ്വർണം ചൂടിയിരുന്നത്.