ടോക്യോ: ഇന്ത്യൻ സംഘം ഓരോ ഒളിമ്പിക്സിനെത്തുേമ്പാഴും കോടിക്കണക്കിന് ആരാധകർ പ്രതീക്ഷയിലായിരിക്കും. ലോകകായിക രംഗത്തെ അവസാന വാക്കായ ഒളിമ്പിക്സിൽ മെഡൽ എന്നത് ഏതൊരു കായികതാരത്തിെൻറയും സ്വപ്നമാണല്ലോ. അതിനാൽ തന്നെ ഒളിമ്പിക്സിലെ മെഡലുകൾക്കായി ഇന്ത്യൻ അത്ലറ്റുകളും ആരാധകരും ഏറെ കൊതിക്കാറുണ്ട്.
ഓഗസ്റ്റ് എട്ട് വരെയാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്.
ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. 119 അത്‌ലറ്റുകളാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിൽ മത്സരിക്കുക. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു.
കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവച്ചിരുന്നു. ലോഗോയും മറ്റും അച്ചടിച്ച ധാരാളം സാധനസാമഗ്രികൾ പാഴായിപ്പോകുമെന്നതിനാൽ സംഘാടകർ2 021ൽ നടക്കുമ്പോഴും ടോക്യോ 2020 ഒളിമ്പിക്സ് എന്ന യഥാർത്ഥ പേര് മാറ്റിയില്ല.
ഇത്തവണത്തെ ഒളിമ്പിക്സ് മാസ്കോട്ട് അഥവാ ഭാഗ്യ മുദ്രയെ മിറൈറ്റോവ എന്നാണ് വിളിക്കുന്നത്. ഭാവിയിലേക്കും നിത്യതയിലേക്കും എന്നുമുള്ള ജാപ്പനീസ് പദങ്ങൾ കൂടിച്ചേർന്നതാണ് ഈ പേര്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുഭ പ്രതീക്ഷയുടെ ഭാവി നേരുക എന്നതാണ് ഈ ചിഹ്നം കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു പരമ്പരാഗത ജാപ്പനീസ് രൂപമാണ് സമ്മർ ഒളിമ്പിക്സിന്റെ ചിഹ്നം. ഇൻഡിഗോ, നീല, വെള്ള എന്നീ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ, ചിന്താ രീതികൾ എന്നിവ ചിത്രീകരിക്കുന്ന മൂന്ന് തരം ചതുരാകൃതിയിലുള്ള രൂപമാണിത്. വിവിധ രാജ്യങ്ങളുടെ ഐക്യവും അഖണ്ഡതയുമാണ് ഇതുവഴി സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറാനും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഒളിമ്പിക്സിന്റെ ഉദ്ദേശ്യം എന്ന് അറിയിക്കുകയാണ് ഈ ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നത്.