ടോള്‍ പിരിവ് ജി.പി.എസ് സംവിധാനം ഉപയോഗിച്ചാവും
ന്യൂഡല്‍ഹി: അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാവും. പകരം, ജി.പി.എസ് സംവിധാനം ഉപയോഗിച്ചായിരിക്കും ടോളുകള്‍ പിരിച്ചെടുക്കുകയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ വാഹനങ്ങള്‍ തടസമില്ലാതെ കടന്നുപോകാനാകുമെന്നും മന്ത്രി പറഞ്ഞു.
പാര്‍ലമെന്റിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ടോള്‍ തടസ മുക്തമാക്കുമെന്ന് നേരത്തെ ഗഡ്കരി പറഞ്ഞിരുന്നു. ടോളുകളില്‍ നിര്‍ത്തി ടോള്‍ നല്കുന്നതിനു പകരം, ജി.പി.എസ് സംവിധാനമുപയോഗിച്ച് പണം ഈടാക്കുന്നതോടെ ഇപ്പോഴുള്ള ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
ഫെബ്രുവരി മുതല്‍ രാജ്യത്ത് ഓട്ടോമാറ്റിക്കായി ടോള്‍ നല്കുന്ന ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ കാര്‍ഡില്‍ നിന്ന് പണം ഓട്ടോമാറ്റിക്കായി ഈടാക്കുന്നാണ് ഫാസ്ടാഗ് സംവിധാനം. എന്നിട്ടും ട്രാഫിക് തടസങ്ങള്‍ക്ക് വലിയ കുറവൊന്നും ഉണ്ടായിട്ടില്ല.