റിയാദ്: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയ്‌ക്കെതിരെ സൗദി ടീം നേടിയ അട്ടിമറി ജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് രാജ്യത്ത് നാളെ പൊതു അവധി.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് പൊതു അവധി പ്രഖ്യാപിച്ചത്. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിനും അവധി ബാധകമായിരിക്കും. ലുസെയ്ല്‍ മൈതാനത്ത് നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ മെസിയെയും സംഘത്തെയും ഒന്നിനെതിരെ രണ്ട് ഗോളിനാണ് സൗദി പരാജയപ്പെടുത്തിയത്.
രണ്ട് തവണ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ സൗദി തോല്‍പ്പിച്ചതിലുള്ള സന്തോഷം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മറച്ചുവെച്ചില്ല. മത്സരം കണ്ടവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വിജയാഘോഷം. തനിക്കൊപ്പം ഉണ്ടായിരുന്നവരെ ആശ്ലേഷിക്കുന്നതും സന്തോഷം പങ്കിടുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലാവുകയും ചെയ്തു.
മത്സരത്തില്‍ മെസിയുടെ ഗോളില്‍ 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ശേഷമായിരുന്നു അര്‍ജന്റീനയുടെ അവിശ്വസനീയ തോല്‍വി. രണ്ടാം പകുതിയില്‍ അഞ്ചു മിനിറ്റിനിടെ നേടിയ രണ്ടു ഗോളുകളാണ് സൗദിക്ക് അവിസ്മരണീയ ജയമൊരുക്കിയത്. 48-ാം മിനിറ്റില്‍ സലേഹ് അല്‍ ഷെഹ്‌രിയും 53-ാം മിനിറ്റില്‍ സലേം അല്‍ ദൗസാരിയുമാണ് സൗദിക്കായി ഗോളുകള്‍ നേടിയത്.
പേരുകേട്ട അര്‍ജന്റീന മുന്നേറ്റ നിരയെ പിടിച്ചുകെട്ടിയ സൗദി പ്രതിരോധനിരയും മിന്നുന്ന സേവുകളുമായി തിളങ്ങിയ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സുമാണ് സൗദിക്ക് ജയമൊരുക്കിയതിലെ പ്രധാനി. ഗോളെന്നുറച്ച അര്‍ജന്റീനയുടെ നാലോളം ഷോട്ടുകളാണ് ഒവെയ്‌സ് തടുത്തിട്ടത്.