തിരുവനന്തപുരം: പെരിങ്ങമല, വിതുര ആദിവാസി ഊരുകളിലെ പെൺകുട്ടികളുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം മേഖലയിൽ കൗൺസിലിംഗും വേണമെന്ന് ആവശ്യം. ഊരുകളിലെ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരമായി കൗൺസിലിംഗ് വേണമെന്നാണ് ഊരുമൂപ്പൻ അടക്കമുള്ളവർ ആവശ്യപ്പെടുന്നത്.
പെരിങ്ങമല,വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളിൽ അഞ്ചുമാസത്തിനിടെ ജീവനൊടുക്കിയത് അഞ്ച് പെണ്‍കുട്ടികളാണ്. ഊരുകളിൽ കൃഷിപ്പണിയാണ് ഉപജീവനമാർഗം. രാവിലെ ജീവിതമാർഗം തേടി രക്ഷിതാക്കളിറങ്ങും.
ഓണ്‍ലൈൻ ക്ലാസയതോടെ എല്ലാ കുട്ടികളുടെ കൈകളിലും മൊബൈൽ എത്തി. ഈ മൊബൈൽ വഴി പരിചയം സ്ഥാപിക്കുന്ന യുവാക്കള്‍ പിന്മാറുന്നതാണ് പെണ്‍കുട്ടികളെ തകർക്കുന്നത്. പലരും ചൂഷണത്തിനും ഇരയാകുന്നു. ഒരു ചെറിയ കാലത്തെ പരിചയം മാത്രമാണ് ഇവർ തമ്മിലുണ്ടാകുന്നത്.
പക്ഷേ ഈ ബന്ധങ്ങള്‍ തകരുന്നത് ഇവർക്ക് താങ്ങാൻ കഴിയുന്നില്ല. മാത്രമല്ല പെണ്‍കുട്ടികളെ ചതിക്കുഴിലേക്ക് തള്ളിയിടുന്നവർ കഞ്ചാവ് സംഘങ്ങളാണെന്ന് ഊരിലുള്ളവർ തന്നെ പറയുന്നു.
മരിച്ചതെല്ലാം നന്നായി പഠിക്കുന്ന കുട്ടികളാണ്. പ്രശ്നങ്ങളിൽ പട്ടികവർഗ വകുപ്പോ പൊലീസോ എക്സൈസോ സജീവമായി ഇടപെടാത്തതും അച്ഛനമ്മമാർക്ക് കുട്ടികളെ നഷ്ടമാകുന്നതിന് ഇടയാക്കുന്നുണ്ട്.
വനിത-ശിശുക്ഷേമ വകുപ്പും പൊലീസും എക്സൈസും എസ്ടി വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി കൗണ്‍ലിംഗ് ഉൾപ്പെടെ ഒരു സമഗ്ര പാക്കേജ് തന്നെ പൊലീസ് നടപ്പാക്കും. തിങ്കളാഴ്ച്ച റൂറൽ എസ്‍പി ഡോ.ദിവ്യ ഗോപിനാഥ് ഊരുകളിൽ നേരിട്ട് സന്ദർശനം നടത്തും.