ഗാസയിൽ സമ്പൂർണ വെടിനിർത്തൽ: പ്രമേയം പാസാക്കി യുഎൻ; യുഎസ് അനുകൂലിച്ചു, റഷ്യ വിട്ടു നിന്നു

ജറുസലം: ഗാസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവച്ച മൂന്നു ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ പ്രമേയത്തിൽ സ്വാഗതം ചെയ്യുന്നു. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു.

ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലിലെ ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദേശം. ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടം. മൂന്ന് നിർദേശങ്ങളും ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്കയുടെ അവകാശവാദം. ഇസ്രയേലും ഹമാസും എത്രയും വേഗം പ്രമേയത്തിലെ നിർദേശങ്ങൾ ഉപാധികൾ വയ്ക്കാതെ നടപ്പാക്കണമെന്നാണ് നിർദേശം.

മധ്യഗാസയിലും കിഴക്കൻ റഫയിലും ഇസ്രയേൽ സൈന്യം ബോംബിങ്ങും ഷെല്ലാക്രമണവും ശക്തമായി തുടരുന്നതിനിടെയാണ് വെടിനിർത്തൽ പ്രഖ്യാപനമെത്തുന്നത്. യുദ്ധം ലബനനിലേക്കു കൂടി വ്യാപിച്ചേക്കുമെന്ന ആശങ്ക യുഎസിനുണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവുമായുള്ള സംഘർഷം രൂക്ഷമായിരുന്നു.

spot_img

Related Articles

Latest news