പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്.കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.
കൊച്ചി പുത്തന്‍കുരിശില്‍ നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് നെല്ലിയാമ്പതിയിൽ എത്തിയത്. യാത്രയ്ക്കിടെ കുണ്ടറ ചോല വെള്ളച്ചാട്ടം കണ്ട് യുവാക്കൾ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു.
ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു മണിക്കൂറോളം പോലീസും അഗ്നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.