ആലപ്പുഴ: ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ ആലപ്പുഴയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഇക്കുറി കൂടുതലായെത്തുന്നത് ആഭ്യന്തര സഞ്ചാരികളാണ്.
കോവിഡിനു മുമ്ബുവരെ യൂറോപ്യന്‍ സഞ്ചാരികളായിരുന്നു ഏറെ. ക്രിസ്മസ് തലേന്നായ 24 മുതല്‍ പുതുവത്സരദിനം വരെ ഭൂരിഭാഗം റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും ബുക്കിങ് പൂര്‍ത്തിയായി.
ബീച്ചിനോട് ചേര്‍ന്ന് ആഘോഷം നടത്താന്‍ ആലപ്പുഴ, മാരാരി, അന്ധകാരനഴി ഭാഗത്തെ റിസോര്‍ട്ടുകളിലാണ് കൂടുതല്‍ ബുക്കിങ്. കൂടാതെ ഹൗസ്ബോട്ട് മേഖലയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആലപ്പുഴയിലെത്തിയാല്‍ ഹൗസ്ബോട്ട് യാത്രയും ബീച്ചും ഒരുമിച്ച് ആസ്വദിക്കാമെന്നതാണ് ആകര്‍ഷക ഘടകം.
ആഘോഷദിനങ്ങളില്‍ ലഹരി കച്ചവടവും ഉപയോഗവും തടയാന്‍ കര്‍ശന നടപടികള്‍ എക്സൈസും പൊലീസും സ്വീകരിച്ചിട്ടുണ്ട്. ലഹരി കച്ചവടം കൂടുതല്‍ നടക്കുന്ന ഫോര്‍ട്ട്കൊച്ചിയില്‍ പരിശോധനകള്‍ അതീവ കര്‍ശനമാക്കുന്നതിനാല്‍ സമീപ ജില്ലയായ ആലപ്പുഴയിലേക്ക് വ്യാപാരം മാറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതിനാല്‍, ഓരോ ബുക്കിങ്ങുകളിലും ശ്രദ്ധവേണമെന്ന് ഹോം സ്റ്റേകളിലടക്കം അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി ശ്രദ്ധയോടെയും ആവശ്യമായ മുഴുവന്‍ രേഖകള്‍ വാങ്ങിയും മാത്രമാണ് ബുക്കിങ് സ്വീകരിക്കുന്നതെന്ന് റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറയുന്നു. വിദേശികള്‍ പൊതുവെ ശാന്തമായ അന്തരീക്ഷം ആഗ്രഹിച്ചാണ് ഹോംസ്റ്റേകളിലെത്തുന്നത്.
അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ മനോഭാവം നേര്‍വിപരീതമാണ്. ഇത് പലപ്പോഴും റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് തലവേദന സൃഷ്ടിക്കാറുമുണ്ട്. റോഡുകളുടെ ഗുണനിലവാരം വര്‍ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണം വര്‍ധിക്കാന്‍ സഹായകരമായിട്ടുണ്ടെന്നാണ് ടൂറിസം സംരംഭകരുടെ വിലയിരുത്തല്‍.കോയമ്ബത്തൂരില്‍നിന്ന് കേവലം ആറു മണിക്കൂര്‍കൊണ്ട് ആലപ്പുഴയിലെത്താമെന്നത് ടൂറിസ്റ്റുകളുടെ വരവിന് ആക്കം കൂട്ടിയിട്ടുണ്ട്.