കൊടുവള്ളി നഗരസഭയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നഗരസഭയിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെ യോഗം തീരുമാനിച്ചു.
നഗരസഭ പരിധിയിൽ മെഡിക്കൽ ഷോപ്പ് ഒഴികെ നിലവിൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ള എല്ലാ കടകളും വൈകിട്ട് 6 മണി വരെ മാത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകാനും, ഇറച്ചി-മൽസ്യ-ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളിൽ നിർബന്ധമായും ഹോം ഡെലിവറി സംവിധാനം നടപ്പിൽ വരുത്തുന്നതിനും തീരുമാനിച്ചു. അതിനാവശ്യമായ പരസ്യ പ്രചാരണം കച്ചവട സ്ഥാപനങ്ങൾ ചെയ്യേണ്ടതാണ്.
നഗരസഭ പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലേയും ജീവനക്കാരെ സൌജന്യ കോവിഡ് ടെസ്റ്റിന് വിധേയരാക്കാനും നഗരസഭ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.
നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് കോവിഡ് ടെസ്റ്റ് നടത്തുന്നതിനായി മൊബൈൽ കോവിഡ് ടെസ്റ്റിന് യൂണിറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മുഖേന നടത്തുന്ന ടെസ്റ്റിന് പുറമെയാണ് എല്ലാ ആഴ്ചയിലും ഞായർ, വ്യാഴം എന്നീ ദിവസങ്ങളിൽ മൊബൈൽ കോവിഡ് ടെസ്റ്റ് നടത്തുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ജനങ്ങളുടേയും സഹകരണം അഭ്യർത്ഥിക്കാനും തീരുമാനിച്ചു.