പ്രവാസികളെ പോലെ ഗൃഹാതുര സ്വപ്നങ്ങൾ സൂക്ഷിച്ചു വെക്കുന്നവരും നടപ്പിലാക്കുന്നവരും വേറെയില്ല. ഇതാ, ഒരു മുൻ പ്രവാസിയുടെ ഗൃഹ പ്രവേശന ചടങ്ങ് അതിഥികള്‍ക്ക് സമ്മാനിച്ചത് വേറിട്ട അനുഭവം.
30 വര്‍ഷം മുമ്പത്തെ അതേ രീതിയിലാണ് പേരാമ്പ്ര ചേനോളി കാവുങ്ങല്‍ രമേശൻ തന്റെ ഗൃഹപ്രവേശന ചടങ്ങിന് വീടും പന്തലും ഒരുക്കി അതിഥികളെ സ്വീകരിച്ചത്. തുണിപ്പന്തലിനും ടാര്‍പായ പന്തലിനും പകരം മെടഞ്ഞ തെങ്ങോലകൊണ്ടുള്ള പന്തലാണ് ഒരുക്കിയത്. തണുപ്പ് ലഭിക്കുന്നതിനു വേണ്ടി ഇലഞ്ഞി ഇല പന്തലില്‍ അടിഭാഗത്ത് സജ്ജീകരിച്ചു.
രണ്ടു ഭാഗത്തും ഈന്തോല പട്ട കൊണ്ട് വളരെ സുന്ദരമായി അലങ്കരിച്ചിട്ടുമുണ്ട്. ഊട്ടുപുര ഓല കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. പന്തല്‍ കണ്ട് പുതുതലമുറയിലെ പലര്‍ക്കും കൗതുകമാണ് തോന്നിയത്. പഴയ തലമുറക്കാര്‍ പോയ കാലത്തെ ഓര്‍മകള്‍ പങ്കു വെച്ചു.
നാട്ടുകാരാണ് കവുങ്ങ് ഉപയോഗിച്ച് പന്തല്‍ ഒരുക്കിയത്. ഓലക്കുവേണ്ടി നേരത്തേ തന്നെ പലരേയും ഏല്പിച്ചിരുന്നു. അത് ശേഖരിച്ച് മെടയിച്ച് സൂക്ഷിച്ചുവെച്ചു.
പ്രവാസിയായിരുന്ന രമേശന് ഇപ്പോള്‍ നാട്ടില്‍ കൃഷിപ്പണിയിലാണ്. മത്സ്യകൃഷി ഉള്‍പ്പെടെയുണ്ട്. രമേശന്റെ പഴമ നിറഞ്ഞ പന്തല്‍ സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിട്ടുണ്ട്.